കെട്ടിട പെര്‍മിറ്റ് ഫീസില്‍ 15 ഇരട്ടി വര്‍ധന; സർക്കാരിന്റേത് നികുതിക്കൊള്ള: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

news image
Apr 8, 2023, 12:13 pm GMT+0000 payyolionline.in

തിരുവനന്തപുരം: കെട്ടിട പെര്‍മിറ്റ് ഫീസില്‍ സര്‍ക്കാര്‍ വരുത്തിയിരിക്കുന്ന അന്യായ വര്‍ധന കടുത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇന്ധന സെസ് ഏര്‍പ്പെടുത്തുക വഴി സകല മേഖലയിലും ഉണ്ടായ വിലക്കയറ്റം പാവപ്പെട്ടവന്റെ നടുവൊടിക്കുകയാണ്. വെള്ളക്കരവും വൈദ്യുത ചാര്‍ജും ഇതിനിടയില്‍ വര്‍ധിപ്പിച്ചു. നട്ടംതിരിഞ്ഞിരിക്കുന്ന സാധാരണക്കാരന്റെ പോക്കറ്റടിക്കുകയാണ് പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചതിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്.

വീട് വയ്ക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളില്‍നിന്നു പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാ ഫീസ് 30 രൂപയില്‍നിന്നു 1000 മുതല്‍ 5000 രൂപ വരെയായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം അടയ്‌ക്കേണ്ട പെര്‍മിറ്റ് ഫീസും പത്തിരട്ടിയോളം ഉയര്‍ത്തി. ഗ്രാമ പഞ്ചായത്ത് പരിധിയില്‍ 150 ചതുരശ്ര മീറ്റര്‍ ( അഥവാ 1615 സ്‌ക്വയര്‍ ഫീറ്റ് ) വീട് വയ്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ വര്‍ധനവിന് മുന്‍പ് നല്‍കേണ്ടിയിരുന്ന അപേക്ഷാ ഫീസ് 30 രൂപയായിരുന്നു. പെര്‍മിറ്റ് ഫീസ് 525 രൂപയും. ഇപ്പോഴത്തെ വര്‍ധന അനുസരിച്ച് 150 ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകളുടെ അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്നും 1000 രൂപയാകും. പെര്‍മിറ്റ് ഫീസ് ഒരു ചതുരശ്ര മീറ്ററിന് 50 രൂപയെന്ന നിരക്കില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതനുസരിച്ച് 150 ചതുരശ്ര മീറ്റര്‍ വീടിന്റെ പെര്‍മിറ്റ് ഫീസ് 7500 രൂപയായി ഉയരും. 555 ല്‍ നിന്നു 8500 ലേയ്ക്കാണ് മൊത്തം ഫീസ് ഉയരുന്നത്. അതായത് 15 ഇരട്ടിയാണ് നിരക്ക് വര്‍ധന.

നഗരസഭാ പരിധിയില്‍ നേരത്തെയുണ്ടായിരുന്ന അപേക്ഷാ ഫീസ് 30 രൂപയും 150 ചതുരശ്ര മീറ്റര്‍ വീടിന് പെര്‍മിറ്റ് ഫീസ് 525 രൂപയുമായിരുന്നു. എന്നാല്‍ വര്‍ധിപ്പിച്ച നിരക്കനുസരിച്ച് അപേക്ഷാ ഫീസ് 1000 രൂപയിലേക്ക് ഉയരും. പെര്‍മിറ്റ് ഫീസ് 10,500 രൂപയാകും. ഇതോടെ മൊത്തം ചെലവ് 555 രൂപയായിരുന്നത് 11,500 രൂപയായി വര്‍ധിക്കും. നികുതി പിരിവിലെ കെടുകാര്യസ്ഥതയും ധൂര്‍ത്തും അനാവശ്യ ചെലവുകളും സംസ്ഥാനത്തിനുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരുടെ തലയിലേക്ക് നേരിട്ട് അടിച്ചേല്‍പ്പിക്കുന്ന നികുതിക്കൊള്ളയാണ് ഈ വര്‍ഷത്തെ ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും സതീശന്‍ പറഞ്ഞു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe