വന്യമൃഗ ആക്രമണം ചെറുക്കാൻ എഐ സാങ്കേതിക വിദ്യയുമായി വനം വകുപ്പ്. കേരള സർക്കാരിന് കീഴിൽ ഉള്ള സഹകരണ സ്ഥാപനമായ, ദിനേശ് ബീഡി വർക്കേഴ്‌സ് സെൻട്രൽ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഉപസ്ഥാപനമായ ദിനേശ് ഐടി സിസ്റ്റംസ് ആണ് വന്യമൃഗ ആക്രമണം ചെറുക്കാൻ എഐ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ നിർണായക പങ്കുവഹിച്ചത്. ഇതോടെ മനുഷ്യ – വന്യജീവി സംഘർഷങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും എന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്.
മനുഷ്യ – വന്യ ജീവി സംഘർഷ ലഘൂകരണത്തിന് ഊന്നൽ നൽകി ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു നാട്ടിലേക്ക് ഇറങ്ങുന്ന വന്യ മൃഗങ്ങളെ നിരീക്ഷിക്കുവാനും പ്രതിരോധിക്കുവാനും, മുൻകൂർ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാനും സർക്കാർ നടപടികൾ സ്വീകരിച്ചു വരുന്നതിന്‍റെ ഭാഗമായാണ് നിർണായക ഇടപെടലുമായി ദിനേശ് ഐടി സിസ്റ്റംസ് രംഗത്ത് വന്നിരിക്കുന്നത്.
സംസ്ഥാന പൊതു ഭരണ വകുപ്പിന്റെ കീഴിലുള്ള സർക്കാർ അംഗീകൃത സ്ഥാപനമായ സെന്റര് ഫോർ മാനേജ്‌മെന്റ് ഡെവലപ്മെൻ്റിൻ്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ചെതലത്ത് റെയിഞ്ചിനു കീഴിൽ 10 കിലോമീറ്റർ ദൂരത്തോളം ഒപ്റ്റിക്കൽ ഫൈബർ കേബിൾ വിന്യസിച്ചു കൊണ്ട്, ഡിഎഎസ് സാങ്കേതിക വിദ്യ ഉപയോഗിച്ചു കാടിറങ്ങുന്ന വന്യമൃഗങ്ങൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനങ്ങൾ വിശകലനം ചെയ്ത്, അവയുടെ സഞ്ചാരപദം കൃത്യമായി മനസ്സിലാക്കി, കണ്ട്രോൾ റൂമിലേക്ക് വിവരം നൽകുന്നതിന് ഒപ്പം തന്നെ അവയെ പ്രതിരോധിച്ചു തിരികെ കാട്ടിലേക്ക് കയറ്റുവാൻ ഉള്ള സംവിധാനവുമാണ് ഇവർ ഒരുക്കിയത്. സംസ്ഥാനത്തെ എല്ലാ വനമേഖയിലേക്കും ഉടൻ തന്നെ പദ്ധതി വ്യാപിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു
നിർമ്മിത ബുദ്ധിയിൽ അധിഷ്‌ഠിതമായ സോഫ്റ്റ്‌വെയർ കേരള ദിനേശിന്റെ സ്വന്തം ഡാറ്റാ സെന്ററിൽ തന്നെയാണ് ഹോസ്റ്റ് ചെയുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി പ്രദേശവാസികൾക്കും തത്സമായ വിവരം ലഭിക്കും. കഴിഞ്ഞ വർഷം മെയ് -ജൂൺ മാസങ്ങളിൽ നടത്തിയ പരീക്ഷണം വിജയിച്ചതിനാലാണ് ഇപ്പോൾ ഈ പദ്ധതി വനം വകുപ്പ് നടപ്പിലാക്കുന്നത്