അമൽജ്യോതിയിലെ വിദ്യാർത്ഥിനിയുടെ മരണം; ആത്മഹത്യാകുറിപ്പിൽ ദുരൂഹത, കോളേജിനെ പിന്തുണച്ച് ഐക്യദാർഢ്യ റാലി ഇന്ന്

news image
Jun 9, 2023, 3:41 am GMT+0000 payyolionline.in

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതിയിലെ വിദ്യാർത്ഥിനിയായ ശ്രദ്ധയുടെ ആത്മഹത്യാകുറിപ്പിൽ ദുരൂഹത. അമൽ ജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധയുടെ ആത്മഹത്യ കുറിപ്പ് എന്ന നിലയിൽ പൊലീസിനു മുന്നിലെത്തിയ കടലാസിനെ ചൊല്ലി ദുരൂഹതയേറുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ച ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ച ശേഷം പൊലീസ് എത്തും മുമ്പ് ശ്രദ്ധയുടെ മുറിയിൽ കോളജ് അധികൃതർ പരിശോധന നടത്തിയിരുന്നു എന്ന സംശയം വിദ്യാർഥികൾ പങ്കു വയ്ക്കുന്നു. ശ്രദ്ധ മരിച്ചതിന്റെ പിറ്റേന്ന് മാത്രമാണ് പൊലീസും ഫൊറൻസിക് സംഘവും ആത്മഹത്യ നടന്ന മുറിയിൽ എത്തി തെളിവുകൾ ശേഖരിച്ചതെന്നും വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

പൊലീസെത്തും വരെ ആത്മഹത്യ നടന്ന മുറിയുടെ താക്കോൽ കോളജ് അധികൃതർ തന്നെ സൂക്ഷിച്ചതിലടക്കം സംശയങ്ങൾ ഉണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ശ്രദ്ധയുടെ മാതാപിതാക്കൾ ഇന്നലെ കുറിപ്പിനെതിരെ രം​ഗത്തെത്തിയിരുന്നു. അവരും ചില സംശയങ്ങൾ മുന്നോട്ട് വെച്ചിരുന്നു. എന്തുകൊണ്ട് ഇത്തരത്തിലുള്ള ഒരു ആത്മഹത്യാകുറിപ്പ് ഉണ്ടായിരുന്നെങ്കിൽ അത് മാതാപിതാക്കളേയും സുഹൃത്തുക്കളേയും കോളേജ് അധികൃതർ അറിയിച്ചില്ലെന്നാണ് ഉയർന്നുവരുന്ന ആക്ഷേപം. ജില്ലാ ക്രൈംബ്രാഞ്ച് മരണം അന്വേഷിക്കുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള മാനേജ്മെന്റിന്റെ ഭാ​ഗത്തുനിന്നുള്ള ഇടപാടുകളിൽ സുഹൃത്തുക്കളും കുടുംബം സംശയത്തിലാണ്.

 

 

അതേസമയം, ക്രൈസ്തവർക്കും പൊതു സമൂഹത്തിനും നേർക്കുള്ള സംഘടിത ഭീകരതക്കെതിരെ താക്കീത് എന്ന മുദ്രാവാക്യവുമായി കത്തോലിക്കാ കോൺഗ്രസിന്റെയും യുവദീപ്തിയുടെയും നേതൃത്വത്തിൽ ഇന്ന് വൈകിട്ട് കാഞ്ഞിരപ്പള്ളിയിൽ ഐക്യദാർഢ്യ റാലി നടക്കും. അമൽജ്യോതി സമരത്തിന്റെ പശ്ചാത്തലത്തിലാണ് കാഞ്ഞിരപ്പള്ളി രൂപതയുമായി ബന്ധപ്പെട്ട സംഘടനകളുടെ പരസ്യ പ്രതിഷേധം. ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വിദ്യാർത്ഥികൾ സമരത്തിൽ നിന്ന് പിന്നോട്ട് പോയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe