തിരുവനന്തപുരം : കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ഹൈക്കമാൻഡുമായുള്ള ചർച്ചക്കായി ഇന്ന് ദില്ലിക്ക് പോകും. പുരാവസ്ത തട്ടിപ്പ് കേസിലെ സുധാകരന്റെ അറസ്റ്റും, സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും നേതാക്കൾ ഹൈക്കമാൻഡിനെ അറിയിക്കും. അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് അറിയിച്ച സുധാകരൻ ദേശീയ, സംസ്ഥാന നേതാക്കളുടെ സമ്മർദ്ദത്താൽ നിലപാട് തിരുത്തിയിരുന്നു. കേസിൽ ഹൈക്കമാൻഡിന്റെ പിന്തുണ ഉറപ്പാക്കലാണ് സന്ദർശന ലക്ഷ്യം. 28 ന് തുടങ്ങുന്ന യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെടും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് പോര് കാരണം പാർട്ടിയിൽ അനൈക്യം ഉണ്ടെന്നും ഇത് കേസിനെ ഒറ്റക്കെട്ടായി
നേരിടുന്നതിൽ വീഴ്ചയുണ്ടായെന്നുമാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യത്തിൽ പോലും വിള്ളൽ ഉണ്ടാക്കും വിധമാണ് സിപിഎം സർക്കാർ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുന്നതെന്ന വിലയിരുത്തലും കെപിസിസിക്കുണ്ട്. ഇക്കാര്യവും നേതാക്കൾ ദില്ലി ചർച്ചയിൽ അറിയിക്കും.
കെ.സുധാകരനെതിരായ പുരാവസ്തു തട്ടിപ്പ് കേസിന് പിന്നിൽ കോൺഗ്രസിലെ ഒരു നേതാവാണെന്നാണ് സിപിഎം ഉയർത്തുന്ന ആരോപണം. ഗ്രൂപ്പ് പോരിൻറെ ഭാഗമായുള്ള പരാതിക്ക് പിന്നിലെ നേതാവിൻറെ വിവരം വൈകാതെ വെളിപ്പെടുത്തുമെന്നും കഴിഞ്ഞ ദിവസം എ കെ ബാലൻ പറഞ്ഞിരുന്നു. സുധാകരനെ പിന്തുണക്കുമ്പോഴും കേസ് ചർച്ച ചെയ്യാൻ കെപിസിസി രാഷ്ട്രീയകാര്യ സമിതി ചേരണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്.
സുധാകരനെതിരായ കേസും അറസ്റ്റും രാഷ്ട്രീയപ്പക പോക്കലാണെന്ന കോൺഗ്രസ് പ്രചാരണത്തിനിടെയാണ് കോൺഗ്രസിനെ കുത്തിയുള്ള സിപിഎമ്മിൻറെ മറുനീക്കം. പരാതിക്കാരിലൊരാളായ ഷെമീർ സിപിഎമ്മുകാരനെന്ന ആക്ഷേപം കോൺഗ്രസ് ഉയർത്തിയിരുന്നു. ബാക്കിയുള്ളർക്ക് കോൺഗ്രസ് ബന്ധമുണ്ടെന്ന് പറഞ്ഞാണ് കേസിന് പിന്നിൽ ഗ്രൂപ്പ് പോരാണെന്നുള്ള സിപിഎം ആരോപണം. പരാതിക്കാരിൽ ചിലർക്ക് കോൺഗ്രസിൻറെ പ്രവാസി സംഘടനകളുമായുള്ള ബന്ധം നേരത്തെ ചർച്ചയായിരുന്നു. ഇത് കൂടി കണ്ടാണ് സുധാകരനെ കുടുക്കാൻ ശ്രമിക്കുന്നത് സിപിഎമ്മും പൊലീസുമല്ല കൂടെയുള്ള നേതാവും സംഘവുമാണെന്ന എ കെ ബാലൻറെ പ്രതികരണം.