തിരുവനന്തപുരം : സർക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. സർക്കാരിന്റെ മദ്യവ്യാപന നയവും മയക്കുമരുന്നുൾപ്പെടെയുള്ള മറ്റ് ലഹരിവസ്തുക്കളുടെ വിതരണവും വിപണനവും ഫലപ്രദമായി തടയുന്നതിലെ അതിഗുരുതര വീഴ്ചയും കേരളത്തെ സർവനാശത്തിലേക്കാണ് നയിക്കുകയാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
കുറ്റകൃത്യങ്ങൾ വൻതോതിൽ വർധിക്കുന്നതിലും പുത്തൻ കുറ്റവാളികളെ സൃഷ്ടിക്കുന്നതിലും മദ്യവും മറ്റുലഹരിവസ്തുക്കളും നിർണായക പങ്കാണ് വഹിക്കുന്നു. നാടിനെ നടുക്കിയ ആലുവയിലെ പിഞ്ചുബാലികയെ അതിക്രൂരമായി കൊലപ്പെടുത്തിയ കുറ്റവാളിയും ജനങ്ങളുടെ തീരാവേദനയായി മാറിയ ഡോ.വന്ദനയുടെ ജീവനെടുത്ത കൊലയാളിയും തുടർന്നും നടന്ന ഡോക്ടർമാർക്കെതിരെയുള്ള അതിക്രമങ്ങളിലെ അക്രമകാരികളും മദ്യലഹരിയുടെ അടിമകളായിരുന്നു. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയും ഉറ്റസ്നേഹിതരെയും വരെ മദ്യലഹരിയിൽ കൊലപ്പെടുത്തുന്ന സംഭവങ്ങൾ വർധിച്ചു.
മദ്യവും മറ്റ് ലഹരിവസ്തുക്കളും അക്ഷരാർഥത്തിൽ കേരളം ക്രിമിനലുകളുടെ നാടായി മാറ്റിയിരിക്കയാണ്. ഭയാനകമായ ഈ അവസ്ഥക്കുപുറമെയാണ് മദ്യപാനംമൂലം വർധിച്ചുവരുന്ന മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങൾ. ആരോഗ്യരംഗത്ത് ‘കേരള മോഡൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതായിരുന്നെങ്കിലും ഇന്നത് കനത്ത വെല്ലുവിളി നേരിടുന്ന സാഹചര്യമാണ്.
കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വൻതോതിൽ വ്യാപകമായതിലും ക്വട്ടേഷൻ-ഗുണ്ടാ മാഫിയാ സംഘങ്ങൾ പെരുകിയതിലും മദ്യത്തിന്റെയും മറ്റ് ലഹരിവസ്തുക്കളുടെയും ദുസ്വാധീനമുണ്ട്. മദ്യത്തിൽനിന്നുള്ള വരുമാനത്തിന്റെ ഇരട്ടിയിലേറെ മദ്യം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്കും കെടുതികൾക്കും ദുരിതങ്ങൾക്കും പരിഹാരമുണ്ടാക്കുന്നതിന് സർക്കാരിനു തന്നെ ചെലവഴിക്കേണ്ടിവരുന്നു.
വിനോദ സഞ്ചാരമേഖലയെ മദ്യനിയന്ത്രണം തളർത്തുമെന്ന വാദവും വസ്തുതകൾക്ക് നിരക്കാത്തതാണ്. യു.ഡി.എഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി കേവലം 29 ബാറുകൾ മാത്രം പ്രവർത്തിക്കുകയും മറ്റെല്ലാ ബാറുകളും അടഞ്ഞുകിടന്നിരുന്നതുമായ കാലത്തെ ടൂറിസ്റ്റുകളുടെ വരവും ടൂറിസത്തിൽനിന്നുള്ള വരുമാനവും ടൂറിസ്റ്റ് വകുപ്പിന്റെ കണക്കുകളിൽത്തന്നെ വ്യക്തമാണ്.
ഈ വസ്തുതകളെല്ലാം കണക്കിലെടുത്ത് നാടിന്റെയും ജനങ്ങളുടെയും നന്മക്കും പുരോഗതിക്കുമായി പിണറായി സർക്കാർ അനുവർത്തിച്ചുവരുന്ന തെറ്റായ മദ്യനയത്തിൽ നിന്നും പിന്മാറണം. പുതിയ മദ്യശാലകൾ അനുവദിക്കാനും പുത്തൻ മേഖലയിൽ മദ്യവ്യാപനം നടത്താനുമുള്ള നീക്കങ്ങളും നടപടികളും ഉപേക്ഷിക്കണം. കഴിഞ്ഞ രണ്ട് നിയസഭാ തെരഞ്ഞെടുപ്പുകാലത്തും സ്വന്തം മുന്നണി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളോട് ഇനിയെങ്കിലും നീതിപുലർത്തുന്ന മദ്യനയവും നടപടികളും സ്വീകരിക്കാൻ സർക്കാരിനും അതിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്കും കഴിയണം.
ഇതിനെല്ലാം കഴിഞ്ഞില്ലെങ്കിൽ കേരളത്തെ സർവനാശത്തിലേക്ക് നയിച്ച ഭരണാധികാരിയെന്ന ദുഷ്പേരിലായിരിക്കും ഭാവിതലമുറ ഇന്നത്തെ മുഖ്യമന്ത്രിയെ വിലയിരുത്തുക. ഇനിയെങ്കിലും തെറ്റുതിരുത്താനും കേരളീയ സമൂഹത്തെയും തലമുറകളെയും തകർച്ചയിലേക്കു നയിക്കുന്ന മദ്യം മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വിപത്തിൽനിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിന് പര്യാപ്തമായ നയങ്ങളും ഫലപ്രദമായ നടപടികളും ആവിഷ്കരിച്ച് നടപ്പാക്കാനും സർക്കാർ തയാറാകണമെന്ന് വി.എം സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.