ബംഗളൂരു: കർണാടകയിൽ ജാതി സെൻസസ് റിപ്പോർട്ട് നവംബറിൽ സർക്കാറിന് സമർപ്പിക്കും. 2015-2016 ലാണ് കർണാടക സംസ്ഥാന പിന്നാക്ക വിഭാഗം കമീഷന്റെ നേതൃത്വത്തിൽ സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ സർവേ എന്ന പേരിൽ ജാതിസെൻസസ് നടത്തിയത്. കമീഷൻ ചെയർമാനായ ജയപ്രകാശ് ഹെഗ്ഡെയുടെ കാലാവധി ഈ വർഷം നവംബറിൽ അവസാനിക്കും.
നവംബർ അവസാനത്തോടെ അന്തിമ റിപ്പോർട്ട് സർക്കാറിന് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ കമീഷൻ തലവനായിരുന്ന എച്ച്. കന്തരാജിന്റെ കാലത്ത് തുടങ്ങിയ സർവേ 2018 ലാണ് പൂർത്തിയായത്.
170 കോടി രൂപ ചെലവിലാണ് അന്നത്തെ മുഖ്യമന്ത്രി സിദ്ദരാമയ്യ ജാതിസെൻസസ് നടത്താൻ ഉത്തരവിട്ടത്. ഇത്തരം സൂക്ഷ്മമായ കണക്കുകൾ ഉണ്ടായാൽ സർക്കാറിന് ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് ക്ഷേമപദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. അതേസമയം സെൻസസിലെ ചില വിവരങ്ങൾ ചോർന്നിരുന്നു. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ ജനസംഖ്യയിൽ ദലിതുകളാണ് ഏറ്റവും കൂടുതൽ.
പിന്നീട് മുസ്ലിംകൾ, ലിംഗായത്തുകൾ, വൊക്കലിഗർ, കുറുബ എന്നിവരുമാണ് വരുക. എന്നാൽ, കാലാകാലങ്ങളായി കർണാടകയിൽ ഏറ്റവും പ്രബല വിഭാഗമായി കണക്കാക്കുന്ന വൻ ഭൂ ഉടമകളായ ലിംഗായത്തുകളുടെയും വൊക്കലിഗരുടെയും ജനസംഖ്യ നിലവിൽ 20 ഉം 17 ഉം ശതമാനവുമാണ്. ജാതി സെൻസസ് അനുസരിച്ച് ഇത് 14 ഉം 11 ഉം ശതമാനവുമാണ്. ഇത് സംസ്ഥാനത്ത് വൻ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
ഈ വിഭാഗങ്ങൾ നേരത്തേ തന്നെ സെൻസസിനെതിരെ ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇക്കാരണത്താൽ തന്നെ തുടർന്ന് അധികാരത്തിലെത്തിയ എച്ച്.ഡി കുമാരസ്വാമി, ബി.എസ്. യെദിയൂരപ്പ, ബസവരാജ് ബൊമ്മൈ സർക്കാറുകളൊന്നും റിപ്പോർട്ടിൽ കൈവെച്ചിരുന്നില്ല.
റിപ്പോർട്ട് സമർപ്പിച്ചാലും ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് സർക്കാർ പുറത്തുവിടില്ലെന്നാണ് സൂചന. എന്നാൽ, റിപ്പോർട്ട് കിട്ടിയാലുടൻ തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ പ്രതികരണം. റിപ്പോർട്ട് പുറത്തുവിടാൻ കോൺഗ്രസ് സർക്കാറിനുമേൽ സമ്മർദമുണ്ട്.