കൊച്ചി: നൽകാത്ത സേവനത്തിനു മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് സിഎംആർഎൽ പ്രതിഫലം നൽകിയെന്ന വിഷയത്തിൽ പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും വിജിലൻസ് കോടതിയുടെ ഉത്തരവിൽ അപാകതയുണ്ടെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ അറിയിച്ചു.
കളമശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ പുനഃപരിശോധന ഹർജിയാണു ജസ്റ്റിസ് കെ.ബാബു പരിഗണിച്ചത്. ഹർജിക്കാരൻ മരിച്ച സാഹചര്യത്തിൽ ഹർജി ഭാഗത്തിന്റെ വാദങ്ങൾക്കായി അമിക്കസ് ക്യൂറിയായി അഡ്വ. അഖിൽ വിജയിയെ ഹൈക്കോടതി നിയമിക്കുകയായിരുന്നു.
ആദായനികുതി വകുപ്പ് അന്വേഷണം നടത്തിയതിന്റെ തുടർച്ചയായി നിയമനടപടികളുണ്ടായതാണെന്നും ഇതിലെ കണ്ടെത്തലുകളാണു പരാതിക്കാരൻ ആധാരമാക്കിയതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.
എന്നാൽ, ഏതെങ്കിലും ഔദ്യോഗിക സ്ഥാനം ദുരുപയോഗം ചെയ്തെന്ന ആരോപണമില്ലാത്തതിനാൽ വിജിലൻസ് അന്വേഷണം എന്ന ആവശ്യം നിലനിൽക്കില്ലെന്ന് സർക്കാർ വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം പൂർത്തിയായതിനെ തുടർന്നു ഹർജി വിധി പറയാൻ മാറ്റി.