ആളെകൊല്ലി കടുവയെ കണ്ടെത്താനായില്ല, കൂടുതല്‍ കെണിയൊരുക്കാന്‍ വനംവകുപ്പ്, തെരച്ചില്‍ ഇന്നും തുടരും

news image
Dec 13, 2023, 4:08 am GMT+0000 payyolionline.in
കല്‍പ്പറ്റ: വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നു തിന്ന കടുവയെ കണ്ടെത്താനായില്ല. ഇന്നും വ്യാപക തെരച്ചില്‍ തുടരും. ഇന്നലെയും വലിയരീതിയുള്ള തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല. 22 ക്യാമറ ട്രാപ്പുകൾ പലയിടത്തായി സ്ഥാപിച്ച് കടുവയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.കോളനിക്കവലയ്ക്ക് സമീപം കാപ്പിത്തോട്ടത്തിൽ സ്ഥാപിച്ച കൂടിന് പുറമെ പുതിയൊന്നുകൂടി കൂടല്ലൂരിൽ എത്തിച്ചിട്ടുണ്ട്.നാളെ ഇതിലും കെണിയൊരുക്കാനാണ് തീരുമാനം.

ഇന്നലെ 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കാട്ടിലേക്ക് കയറി തെരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്പതേക്കർ , ഗാന്ധിനഗർ മേഖലയിൽ ആണ് ഇന്നലെ തെരച്ചിൽ നടത്തിയത്. നാട്ടുകാരോട്  സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് അറിയിപ്പ് നൽകിയിരുന്നു. പ്രജീഷ് എന്ന യുവ ക്ഷീര കർഷകനെയാണ് കടുവ കൊന്നത്. പതിവുപോലെ രാവിലെ പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe