ടോക്കിയോ: ജപ്പാനിൽ യാത്രാ വിമാനവും കോസ്റ്റ്ഗാർഡ് വിമാനവും കൂട്ടിയിടിച്ച് തീപിടിച്ചു. ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിലാണ് സംഭവം. പ്രാദേശിക സമയം വൈകിട്ട് 5.47ന് ജപ്പാൻ എയർലൈൻസ് വിമാനം ജപ്പാൻ കോസ്റ്റ്ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടം.
യാത്രാ വിമാനത്തിലെ 379 യാത്രക്കാരെയും രക്ഷപ്പെടുത്തി. ഇതിൽ എട്ട് കുട്ടികളും 12 ജീവനക്കാരും ഉൾപ്പെടും. കോസ്റ്റ് ഗാർഡ് വിമാനത്തിൽ യാത്ര ചെയ്ത ആറു പേരിൽ ഒരാൾ രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട മറ്റ് അഞ്ചു പേരെ കുറിച്ച് വിവരം ലഭ്യമല്ല.ന്യൂ ചിറ്റോസ് വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് നാലു മണിക്ക് പുറപ്പെട്ട ജപ്പാൻ എയർലൈൻസ് വിമാനം മുൻ നിശ്ചയിച്ച പ്രകാരം 5.40ന് ഹനേഡ വിമാനത്താവളത്തിൽ ഇറങ്ങുകയായിരുന്നു. റൺവേ സിയിൽ വെച്ചാണ് രണ്ട് വിമാനങ്ങളും കൂട്ടിയിടിച്ചത്. അപകടത്തിന്റെ യഥാർഥ്യ കാരണങ്ങൾ ലഭ്യമല്ല. സംഭവത്തിൽ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു.വടക്കൻ ദ്വീപായ ഹോക്കൈഡോയിലാണ് ന്യൂ ചിറ്റോസ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.