സൗഹൃദം നടിച്ച് ഓട്ടോയിൽ കയറ്റി, യാത്രക്കിടെ വയോധികയുടെ സ്വര്‍ണമാല കവർന്നു; തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

news image
Jan 15, 2024, 10:39 am GMT+0000 payyolionline.in

മാനന്തവാടി (വയനാട്): ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യവെ വയോധികയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന് മുങ്ങിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് സ്ത്രീകളെ പിടികൂടി. ചെന്നൈ, ചെങ്കല്‍പേട്ട സ്വദേശിനികളായ കൂടാച്ചേരി ഇന്ദു എന്ന കാവ്യ (37), ജാന്‍സി എന്ന സരസ്വതി (30), ദേവി എന്ന സുധ (39) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി കേസുകളിലെ പ്രതികളാണിവർ.

ജനുവരി 12ന് ഉച്ചയോടെ കണിയാരം സ്വദേശിനിയായ 78 വയസുള്ള തങ്കമ്മ മാനന്തവാടി മെഡിക്കല്‍ കോളജില്‍നിന്ന് ചികിത്സ തേടിയ ശേഷം മടങ്ങുമ്പോഴാണ് സംഭവം. തങ്കമ്മയെ പിന്തുടര്‍ന്ന സ്ത്രീകള്‍ ഇവരോട് സൗഹൃദം നടിച്ച് എങ്ങോട്ടാണ് പോകേണ്ടത് എന്ന് ചോദിച്ച ശേഷം ഞങ്ങളും ആ വഴിക്കാണെന്ന് പറയുകയും നിര്‍ബന്ധിച്ച് ഒരു ഓട്ടോയില്‍ കയറ്റുകയുമായിരുന്നു. പകുതിവഴിയില്‍ ഇവര്‍ ഇറങ്ങിപ്പോവുകയും ചെയ്തു. പിന്നീട് കഴുത്തില്‍ പരതി നോക്കിയപ്പോഴാണ് മാലയില്ലെന്ന് തിരിച്ചറിയുന്നതും പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നതും.

ടൗണ്‍ പരിസരത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 75000 രൂപയോളം വില വരുന്ന മാലയാണ് കവര്‍ന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി ഡിവൈ.എസ്.പി പി.എല്‍. ഷൈജുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എം.എം. അബ്ദുൽ കരീമിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി.കെ. മിനിമോള്‍, സോബിന്‍, എ.എസ്.ഐ അഷ്‌റഫ്, എസ്.സി.പി.ഒമാരായ ബഷീര്‍, റാംസണ്‍, വിപിന്‍, ജാസിം ഫൈസല്‍, സെബാസ്റ്റ്യൻ, ഷൈല, നൗഷാദ്, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, ദീപു എന്നവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe