തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കൃഷി ഭൂമി നഷ്ടമായ യാക്കൂബിന് കൈത്താങ്ങായി പുൽപ്പള്ളി സ്വദേശി കുര്യൻ ജോർജ്. 20 സെന്റ് നൽകുമെന്ന് കുര്യൻ ജോർജ് അറിയിച്ചു. അതോടൊപ്പം തന്റെ നാലേക്കർ സ്ഥലത്ത് കൃഷി ചെയ്ത് ആദായമെടുക്കാം. താൻ നേരിട്ടെത്തി എപ്പോൾ വേണമെങ്കിലും സ്ഥലം രജിസ്റ്റർ ചെയ്ത് നൽകാമെന്നും കുര്യൻ ജോർജ് പറഞ്ഞു.
ഭോപ്പാലിലാണ് കുര്യൻ ജോർജ് താമസിക്കുന്നത്. ഭോപ്പാൽ ദുരന്തം നേരിട്ടനുഭവിച്ച വ്യക്തിയാണ് താനെന്ന് കുര്യൻ ജോർജ് വിശദീകരിച്ചു. പതിനായിരക്കണക്കിന് മൃതദേഹങ്ങൾ ഒന്നിച്ചുകൂടിക്കിടക്കുന്നത് കണ്ടതാണ്. വയനാടിന്റെ ദുരന്തം തന്നെ ദുഃഖത്തിലാഴ്ത്തിയെന്നും കുര്യൻ ജോർജ് വിശദീകരിച്ചു.
എട്ടരയേക്കർ സ്ഥലമാണ് ചൂരൽമല സ്വദേശിയായ കർഷകൻ യാക്കൂബിന് ഉരുൾപൊട്ടലിൽ നഷ്ടമായത്. യാക്കൂബിന്റെ ഉപജീവന മാർഗ്ഗമായിരുന്നു കൃഷി. ഇനി എന്തുചെയ്യുമെന്ന് അറിയാതെ നിസ്സഹായാവസ്ഥയിൽ നിൽക്കവേയാണ് കുര്യൻ ജോർജിന്റെ സഹായ വാഗ്ദാനം.