അത്തോളി കെഎസ്ഇബി ഓഫിസിൽ വിവരാവകാശ കമ്മിഷണറുടെ പരിശോധന

news image
Nov 29, 2024, 6:28 am GMT+0000 payyolionline.in

അത്തോളി∙ വിവരാവകാശ കമ്മിഷണർ അത്തോളി കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫിസിൽ പരിശോധന നടത്തി. ഓഫിസുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെ ഹാജരാകാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർ എത്തുകയോ വ്യക്തമായ റിപ്പോർട്ട് നൽകുകയോ നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകുകയോ ചെയ്യാത്തതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

 

ഓഫിസിൽ വിവരാവകാശ നിയമം അനുശാസിക്കുന്ന പല കാര്യങ്ങളും പാലിക്കപ്പെടുന്നില്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. പബ്ലിക് ഇൻഫർമേഷൻ ഓഫിസറുടെയും അപ്പീൽ അധികാരിയുടെയും പേരുകൾ രേഖപ്പെടുത്തിയ ബോർഡ് പ്രദർശിപ്പിച്ചിട്ടില്ല, സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ (എസ്പിഐഒ), അസിസ്റ്റന്റ് എസ്പിഐഒ എന്നിവരെ നിയമിച്ചിട്ടില്ല. കമ്മിഷൻ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടുകൾ വ്യക്തതയുള്ളതായിരുന്നില്ല. 7 ദിവസത്തിനകം ബോർഡ് വയ്ക്കാനും എസ്പിഐഒയെ നിയമിക്കാനും കർശന നിർദേശം നൽകി.

ഓഫിസിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്നും കമ്മിഷണർ അറിയിച്ചു. വിവരാവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുകയും അവ നടപ്പാക്കുകയും ചെയ്യാത്ത ഓഫിസുകൾക്കെതിരെ നടപടികൾ കൈക്കൊള്ളുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ അഡ്വ. ടി.കെ.രാമകൃഷ്ണൻ വ്യക്തമാക്കി. വിവരാവകാശ നിയമത്തിലെ പ്രാഥമിക കർത്തവ്യങ്ങൾ പോലും പാലിക്കാത്ത ഓഫിസുകൾ ഉണ്ടെന്ന് കോഴിക്കോട്ടു നടത്തിയ ഹിയറിങ്ങിനിടെ കമ്മിഷനു ബോധ്യമായെന്ന് അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe