കോഴിക്കോട് ∙ ലോ കോളജ് വിദ്യാർഥി വാടക വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളായ 6 പേരെ ചേവായൂർ പൊലീസ് ചോദ്യം ചെയ്തു. വിദ്യാർഥികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു യുവാവിനെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ കണ്ടെത്തിയ ശേഷം അന്വേഷണ റിപ്പോർട്ട് നൽകുമെന്നു ചേവായൂർ പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് 3.30ന് ആണു വാപ്പോളിത്താഴത്തിനടുത്തുള്ള വാടക വീട്ടിൽ മൂന്നാം സെമസ്റ്റർ വിദ്യാർഥിനി, തൃശൂർ പാവറട്ടി ഊക്കൻസ് റോഡിൽ കൈതക്കൽ മൗസ മെഹറിസിനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
തിങ്കളാഴ്ച രാവിലെ ക്ലാസിൽ ഉണ്ടായിരുന്ന മൗസ മെഹറിസ് പിന്നീട് ക്ലാസിൽ നിന്നിറങ്ങി. ഉച്ചയ്ക്ക് 2ന് സഹപാഠിയുമായി ക്യാംപസിൽ സംസാരിച്ചിരിക്കുന്നതു മറ്റു വിദ്യാർഥികൾ കണ്ടിരുന്നു. പിന്നീട്, മൂന്നരയോടെ സമീപ മുറിയിലെ വിദ്യാർഥി താമസ സ്ഥലത്ത് എത്തിയപ്പോഴാണു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.