അഞ്ചുവയസ്സുകാരിയുടെ കൊലപാതകം; അസഫാക് മുമ്പും പീഡനക്കേസിൽ പ്രതി, ഒരുമാസം തടവിൽ, ജാമ്യത്തിലിറങ്ങി മുങ്ങി

news image
Aug 1, 2023, 6:25 am GMT+0000 payyolionline.in

കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരി അതിക്രൂര ബലാത്സം​ഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ പുറത്ത്. കേസിലെ പ്രതി അസഫാക് ആലം നേരത്തെയും പീഡനക്കേസിൽ പ്രതിയാണ്. 10 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇയാൾ ജയിലിലായിരുന്നു. 2018 ൽ ഇയാളെ ​ഗാസിപൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിൽ ഒരു മാസം തടവിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

 

 

അസ്ഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീൻ തിരിച്ചറിയൽ പരേഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കുഞ്ഞുമായി പ്രതി ആലുവ മാർക്കറ്റിലേക്ക് പോകുന്നത് താജുദ്ദീൻ കണ്ടിരുന്നു. ആരുടെ കുഞ്ഞാണിതെന്നും എന്തിനാണ് മാർക്കറ്റിലേക്ക് വന്നതെന്നും ചോദിച്ച് താജുദ്ദീൻ പ്രതിയെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ തന്റെ കുഞ്ഞാണെന്നും മദ്യപിക്കാൻ വന്നതാണെന്നുമായിരുന്നു പ്രതിയുടെ മറുപടി. ഇത് സത്യമെന്ന് താജുദ്ദീൻ വിശ്വസിച്ചു. പിറ്റേദിവസം മാധ്യമങ്ങളിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം താജുദ്ദീൻ അറിഞ്ഞത്. കുഞ്ഞുമായി പോകുന്നത് കണ്ടെങ്കിലും തടയാൻ കഴിയാതെ പോയതിൽ അതിയായ ദുഖമുണ്ടെന്നും അപ്പോഴത്തെ സാഹചര്യം അതായിരുന്നുവെന്നും സാക്ഷി താജുദ്ദീൻ  പറഞ്ഞു.

 

അതേ സമയം, കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന കുടുംബത്തിന്റെ സംശയത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് പ്രതി സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധനക്കാണ് പൊലീസ് നീങ്ങുന്നത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ അടക്കം 9 കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയുളളത്.

അതേസമയം പ്രതി അസഫാഖ് ആലത്തിനെ ഞായറാഴ്ച ഉച്ചയോടെ ജയിലിലടച്ചിരുന്നു. ആലുവ സബ് ജയിലിലാണ് പ്രതിയിപ്പോൾ ഉള്ളത്. പ്രതി അസഫാഖ് കുഞ്ഞിനെ അതിക്രൂര പീഡനത്തിനിരയാക്കിയെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്. കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗങ്ങളിലും ആന്തരീകാവയവങ്ങളിലും ​ഗുരുതരമുറിവുകളാണ് കണ്ടെത്തിയത്. ബലപ്രയോ​ഗത്തിനിടെയുള്ള മുറിവുകളായിരുന്നു കുഞ്ഞുശരീരം മുഴുവൻ. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 യോടെയാണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe