‘അടുക്കും ചിട്ടയുമുള്ള ആഘോഷം മതി’; ഷാഫിയുടെ റോഡ‍് ഷോയിൽ വനിതാ ലീഗ് പ്രവർത്തകരെ വിലക്കി ലീഗ് നേതാവ്, ഓഡിയോ

news image
Jun 7, 2024, 3:38 am GMT+0000 payyolionline.in
കണ്ണൂര്‍: വനിതാ ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കരുതെന്ന് ലീഗ് നേതാവ്. പാനൂരില്‍ ഇന്ന് നടക്കാനിരിക്കുന്ന ഷാഫി പറമ്പിലിന്‍റെ റോഡ് ഷോയില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പറയുന്ന ലീഗ് നേതാവിന്‍റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്.  കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് കമ്മിറ്റി ഇന്ന് പാനൂരില്‍ ഷാഫി പറമ്പിലിന് സ്വീകരണം ഒരുക്കിയിട്ടുണ്ടെന്നും അതില്‍ വനിതാ ലീഗ്  പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടാകണമെന്നും എന്നാല്‍, റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമാണ് ലീഗ് നേതാവ് ഓ‍ഡിയോ സന്ദേശത്തില്‍ പറയുന്നത്.

അടുക്കും ചിട്ടയുമുള്ള ആഘോഷം മതിയെന്നും വനിതാ ലീഗ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചാല്‍ മാത്രം മതിയെന്നുമാണ് നിര്‍ദേശം. കൂത്തുപറമ്പ് മണ്ഡലം  ലീഗ് ജനറല്‍ സെക്രട്ടരി ഷാഹുല്‍ ഹമീദിന്‍റേതാണ് സന്ദേശം. ആവേശതിമിര്‍പ്പിന് മതപരമായ നിയന്ത്രണം അനുവദിക്കുന്നില്ലെന്നും വനിതാ പ്രവര്‍ത്തകര്‍ ആക്ഷേപം വരാതെ ജാഗ്രത പുലര്‍ത്തണമെന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടിയിലെ വനിതകള്‍ കാണിക്കുന്ന ആവേശം നമുക്ക് പാടില്ലെന്നും നിര്‍ദേശിക്കുന്നുണ്ട്.

അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നിര്‍ദേശമെന്നും ലീഗ് നേതാവ് പറയുന്നുണ്ട്. വോട്ടെണ്ണല്‍ ദിവസം പാനൂരില്‍ വനിതാ ലീഗ് പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ആഘോഷിച്ചിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ലീഗ് നേതാവിന്‍റെ വിവാദ നിര്‍ദേശത്തിന്‍റെ ഓഡിയോ പുറത്ത് വന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe