അടുത്ത സര്‍ക്കാരിന്‍റെ അജന്‍ഡ നോക്കി റേറ്റിങ് ഏജന്‍സി

news image
Nov 8, 2013, 11:10 am IST payyolionline.in
ന്യൂഡല്‍ഹി :  കേന്ദ്രത്തില്‍ അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരിന്‍റെ അജന്‍ഡ നോക്കിയാവും ഇന്ത്യയുടെ റേറ്റിങ് നിശ്ചയിക്കുകയെന്ന് ആഗോള റേറ്റിങ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍(എസ് ആന്‍ഡ് പി). പൊതു തെരഞ്ഞെടുപ്പിനു ശേഷം പുതിയ സര്‍ക്കാര്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ റേറ്റിങ് കുറയ്ക്കും. പുതിയ സര്‍ക്കാരിന്‍റെ പോളിസി അജന്‍ഡ കാത്തിരിക്കുകയാണ്- അവര്‍ പറഞ്ഞു.ബിബിബി ഗ്രേഡില്‍ നിന്ന് ഇനിയും താഴോട്ടു പോയാല്‍ വിദേശ നിക്ഷേപങ്ങള്‍ക്ക് സാധ്യത കുറയും. കോര്‍പ്പറേറ്റുകള്‍ക്ക് വായ്പയെടുക്കാന്‍ ചെലവു കൂടും. കഴിഞ്ഞ ഏപ്രിലില്‍ എസ് ആന്‍ഡ് പി ഇന്ത്യയുടെ ഗ്രേഡ് കുറച്ചിരുന്നു. പുതിയ സര്‍ക്കാര്‍ വളര്‍ച്ചയും പരിഷ്കാരവും തുടരുകയാണെങ്കില്‍ ഗ്രേഡ് കൂട്ടുമെന്നും ഏജന്‍സി.കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനത്തില്‍ താഴെയാണ് ഇന്ത്യയുടെ വളര്‍ച്ച. ഒരു ദശകക്കാലത്തെ കുറഞ്ഞ നിരക്കാണിത്. ഈ വര്‍ഷം ആദ്യ ക്വാര്‍ട്ടറില്‍ വളര്‍ച്ച 4.4% മാത്രം. നയപരമായ പ്രശ്നങ്ങള്‍ സാമ്പത്തിക വ്യവസ്ഥയിലുണ്ട്. അതു തുടര്‍ന്നാല്‍ ഗ്രേഡ് ഇനിയും കുറയ്ക്കേണ്ടിവരും- എസ് ആന്‍ഡ് പി ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് ഉറച്ച സാമ്പത്തിക അടിത്തറയുണ്ട്. ഉന്നത പാരമ്പര്യങ്ങളുള്ള ഉറച്ച ജനാധിപത്യ രാജ്യമാണ് ഇന്ത്യ. കുറഞ്ഞ വിദേശ കടവും ആവശ്യത്തിന് വിദേശ നാണയ ശേഖരവുമുണ്ട്. കൂടുതല്‍ വിശ്വസിക്കാവുന്ന ധനകാര്യ നയമാണ് രാജ്യത്തിന്‍റേത്-എസ് ആന്‍ഡ് പി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഘടനാപരമായ പരിഷ്കാരങ്ങള്‍ തടസപ്പെടുന്നതും സബ്സിഡി നയത്തില്‍ അടക്കമുള്ള പ്രശ്നങ്ങളും ഇന്ത്യയ്ക്കുണ്ട്. സര്‍ക്കാര്‍ ഖജനാവ് അധിക ഭാരത്തിലാണ്. ഡീസല്‍ സബ്സിഡി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നത് പോസിറ്റീവ് സമീപനം. അതേസമയം, ഭക്ഷ്യ സബ്സിഡി ഇരട്ടിയായി വര്‍ധിപ്പിക്കുന്നത് നെഗറ്റീവ് വശം. സ്വര്‍ണം ഇറക്കുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയത് കറന്‍റ് അക്കൗണ്ട് കമ്മി കുറയ്ക്കുമെന്നും എസ് ആന്‍ഡ് പി. ഏജന്‍സികളുടെ റേറ്റിങ്ങിനെച്ചൊല്ലി ആശങ്ക വേണ്ടെന്ന് ധനകാര്യ സെക്രട്ടറി അരവിന്ദ് മായാറാം പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe