അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; ഈ മാസത്തെ രണ്ടാമത്തേത്

news image
Sep 14, 2022, 8:00 am GMT+0000 payyolionline.in

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ പഞ്ചായത്തിലെ സ്വർണഗദ്ദ ഊരിലെ ശാന്തി ഷൺമുഖന്റെ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. നാല് ദിവസം മാത്രമാണ് ആൺകുഞ്ഞിന്റെ പ്രായം. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതിമാരുടെ കുഞ്ഞ് കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തോടെയായിരുന്നു മരണം. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്. ഇതോടെ ഈ മാസത്തെ ശിശു മരണങ്ങളുടെ എണ്ണം രണ്ടായി.

കഴിഞ്ഞ മാസം രണ്ട് കുഞ്ഞുങ്ങൾ അട്ടപ്പാടിയിൽ മരിച്ചിരുന്നു. ഓഗസ്റ്റ് 25ന് ഇലച്ചിവഴി ഊരിലെ ജ്യോതി മുരുകൻ ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള ആൺകുട്ടി അട്ടപ്പാടിയിൽ മരിച്ചിരുന്നു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത-ഷാജി ദമ്പതികളുടെ പെൺകുഞ്ഞ് ഓഗസ്റ്റ് 8ന് മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെയായിരുന്നു മരണം. ഇതോടെ ഈ വർഷത്തെ ശിശുമരണം പതിമൂന്നായി.

അട്ടപ്പാടിയിലെ ശിശു മരണം നേരത്തെ മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീൻ നിയമസഭയിൽ ഉന്നയിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe