‘അദാനിക്ക് വേണ്ടിയുള്ള വൻ അഴിമതി’; സർക്കാരിനെതിരെ രമേശ് ചെന്നിത്തല; ഗുരുതര ആരോപണം വൈദ്യുതി നിരക്ക് വർധനയിൽ

news image
Dec 7, 2024, 5:50 am GMT+0000 payyolionline.in

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വ‍ർധനയിൽ സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുറ‌ഞ്ഞ നിരക്കിൽ 25 വ‍ർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നാല് രൂപയ്ക്ക് വാങ്ങിയ വൈദ്യുതി 10.25 രൂപ മുതൽ 14 രൂപ നിരക്കിലാണ് ഇപ്പോൾ വാങ്ങുന്നതെന്നും നാല് അദാനി കമ്പനികളിൽ നിന്നാണ് വൈദ്യുതി വാങ്ങുന്നതെന്നും പറഞ്ഞ അദ്ദേഹം റെഗുലേറ്ററി കമ്മീഷനും സർക്കാരും ചേർന്ന് നടത്തുന്ന അഴിമതിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു.

 

കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ ഒഴിവാക്കി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള തീരുമാനമാണ് ബോർഡിനെ കടക്കെണിയിലാക്കിയത്. യൂണിറ്റിന് 4 രൂപയ്ക്ക് വൈദ്യുതി വാങ്ങാനുള്ള 25 വർഷത്തേക്കുള്ള ദീർഘകാല കരാർ 2016 ൽ അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദാണ് ഒപ്പുവെച്ചത്. അത് റദ്ദാക്കി യൂണിറ്റിന് 10 മുതൽ 14 രൂപ വരെ വിലയ്ക്ക് കറണ്ട് വാങ്ങാൻ നാല് അദാനി കമ്പനികളുമായി സംസ്ഥാനം കരാറുണ്ടാക്കി. 465 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന കരാർ റെഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയത് ഒത്തുകളിയാണ്. മുൻ വൈദ്യുതി മന്ത്രി എംഎം മണിയാണ് റഗുലേറ്ററി കമ്മീഷൻ അംഗം. സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ വ്യക്തമായ പങ്കുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തിന്റെ പവർ പർച്ചേസ് ചിത്രത്തിൽ അദാനിയെ കൊണ്ടുവരാനാണ് യുഡിഎഫ് ഭരണകാലത്തെ കരാർ സാങ്കേതിക കാരണം പറഞ്ഞ് സംസ്ഥാന സർക്കാരും റഗുലേറ്ററി കമ്മീഷനും ചേർന്ന് ഒഴിവാക്കിയത്. കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കി സ്വകാര്യവൽകരിക്കാനുള്ള നീക്കം ഇതിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. നിരക്ക് വ‍ർധനവിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം. നിരക്ക് വർധന സംസ്ഥാന താത്പര്യത്തിന് ഗുണകരമല്ല.

സ്മാർട്ട് സിറ്റി പദ്ധതിയിൽ ടീകോമിനെ സംരക്ഷിക്കാനുള്ള നടപടിയാണ് മന്ത്രി രാജീവിന്റെ ഭാഗത്ത് നിന്നുണ്ടായത്. കരാർ ലംഘനത്തിൽ കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. വ്യവസായ മന്ത്രി ടീകൊമിനെ സംരക്ഷിക്കാനുള്ള നിലപാട് എടുക്കുന്നു. ബാജു ജോർജിനെ സമിതിയിൽ വെച്ചതിൽ നിക്ഷിപ്ത താല്പര്യമുണ്ട്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സർക്കാർ സിബിഐ അന്വേഷണത്തെ ഭയക്കുന്നു. ദിവ്യയെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണം എതിർ‍ക്കുന്നത്. ഭയക്കാൻ ഇല്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണം. കേരള പോലീസ് നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി നൽകില്ല. കെ റെയിൽ കേരളത്തിൽ നടക്കില്ല. നൂറ് കണക്കിന് ഭൂമി ഏറ്റെടുത്തുള്ള പദ്ധതി ആവശ്യമില്ല.  സർക്കാർ അനാവശ്യ ഈഗോ വെടിയണം. പദ്ധതിയെ എതിർക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe