അനുമതി ഇല്ലാതെ സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാർക്കെതിരെ നടപടി: ഡിജിപി

news image
Apr 28, 2023, 8:11 am GMT+0000 payyolionline.in

തിരുവനന്തപുരം∙ സർക്കാരിന്റെ അനുമതിയില്ലാതെ സിനിമയിലും സീരിയലിലും പൊലീസുകാർ അഭിനയിക്കുന്നതിനെതിരെ നടപടിയുമായി ഡിജിപി അനിൽകാന്ത്. അഭിനയിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് 2015ൽ സർക്കാർ നിർദേശിച്ചിരുന്നു. ഇതിനുള്ള മാർഗ നിർദേശങ്ങളും പുറത്തിറക്കി. അപേക്ഷ സമർപിച്ചശേഷം അനുമതി ലഭിക്കുന്നതിന് മുൻപായി കലാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്നാണ് ഡിജിപി നടപടികൾ കർശനമാക്കിയത്.

കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങൾ 1960 ലെ 48–ാം വകുപ്പ് അനുസരിച്ച് സർക്കാർ അനുമതിയില്ലാതെ സിനിമയിലോ സീരിയലിലോ അഭിനയിക്കാൻ പാടില്ല. കലാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് പ്രത്യേക അപേക്ഷ സമർപിച്ച് സർക്കാരിൽനിന്ന് മുൻകൂർ അനുമതി വാങ്ങണം. സർക്കാർ ഓരോ കേസും പ്രത്യേകം പരിശോധിച്ച് തീരുമാനമെടുക്കും.

പൊലീസ് വകുപ്പിൽ ജോലി നോക്കുന്ന നിരവധി ഉദ്യോഗസ്ഥർ സർക്കാർ അനുമതിക്കായി അപേക്ഷ സമർപിച്ചശേഷം മുൻകൂർ അനുമതി ലഭിക്കുന്നതിനു മുൻപ് ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതായി ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. അഭിനയിക്കുന്നതിന് അനുമതിക്കായി ഉദ്യോഗസ്ഥർ പ്രത്യേക ഫോമിൽ അപേക്ഷ നല്‍കണം. അഭിനയിക്കാനായി പോകേണ്ട തീയതിക്ക് ഒരു മാസം മുൻപ് യൂണിറ്റ് മേലധികാരിയുടെ ശുപാർശ ഉൾപ്പെടുത്തി പൊലീസ് ആസ്ഥാനത്ത് അപേക്ഷ നൽകണം. ഇങ്ങനെ ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe