അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിന്: മാർച്ച് 25 വരെ അപേക്ഷിക്കുന്നവർക്ക് വോട്ടുചെയ്യാം

news image
Mar 21, 2024, 7:15 am GMT+0000 payyolionline.in

തിരുവനന്തപുരം> ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഏപ്രിൽ നാലിനു പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് എം കൗൾ. വോട്ടർപട്ടികയിൽ പേരുചേർക്കാനും ഒഴിവാക്കാനുമുള്ള നടപടികൾ നടക്കുകയാണ്‌.  25 വരെ അപേക്ഷിക്കുന്നവർക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള അവസരമുണ്ടാകും.

സ്ഥാനാർഥികൾ നാമനിർദേശ പത്രിക നൽകേണ്ട അവസാന ദിവസമായ ഏപ്രിൽ നാല് വരെ പേരു ചേർക്കാമെങ്കിലും അപേക്ഷ പരിശോധിക്കാൻ 10 ദിവസമെങ്കിലും വേണ്ടതിനാൽ 25നു മുൻപെങ്കിലും അപേക്ഷിക്കുകയാണ് ഉചിതമെന്നും  പുതുതായി പേരു ചേർക്കേണ്ടവരും സ്ഥലം മാറ്റേണ്ടവരും മാർച്ച് 25നുള്ളിൽ അപേക്ഷിച്ചാൽ പട്ടികയിൽ ഇടം നേടാമെന്നും അദ്ദേഹം പറഞ്ഞു.

1,31,84,573 പുരുഷന്മാരും 1,40,95,250 സ്ത്രീകളുമടക്കം 2,72,80,160 വോട്ടർമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുമെന്നും സഞ്ജയ്‌കൗൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  ഇക്കുറിയുള്ളത്‌. 85 വയസ്സ് പിന്നിട്ട 2,49,960, നൂറ് കഴിഞ്ഞ  2,999 പേരും വോട്ടർമാരാണ്‌. 3,70,933 യുവാക്കളും 88,384 പ്രവാസികളും പട്ടികയിലുണ്ട്‌.

181 ഉപബൂത്തുകളടക്കം 25,358 പോളിങ്‌ ബൂത്തുകൾ സജ്ജമാക്കും. ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കും. സ്ത്രീകൾ നിയന്ത്രിക്കുന്ന 555 ബൂത്തുകളും യുവാക്കൾ നിയന്ത്രിക്കുന്ന നൂറ്‌ ബൂത്തുകളും ഭിന്നശേഷിക്കാർ നിയന്ത്രിക്കുന്ന പത്ത്‌ ബൂത്തുകളും 2,776 മാതൃക ബൂത്തുകളുമുണ്ടാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങളറിയാൻ കോൾ സെന്ററുകൾ പ്രവർത്തനം തുടങ്ങി. ജില്ലകളിൽ 1950 എന്ന നമ്പരിലും ചീഫ് ഇലക്ടറൽ ഓഫീസിൽ 18004251965 എന്ന നമ്പറിലും ബന്ധപ്പെടാം. പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികൾ സി വിജിൽ എന്ന ആപ്പിലൂടെ അറിയിക്കാം. സുവിധ, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ്, സക്ഷം, നോ യുവർ കാൻഡിഡേറ്റ് മൊബൈൽ ആപ്പ് എന്നിവയും പ്രവർത്തനക്ഷമമായിട്ടുണ്ട്‌.

സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടുകൂടി ദൃശ്യങ്ങൾ നിർമിച്ച്‌ പ്രചരിപ്പിക്കുന്നവരെയും ദുരുദ്ദേശപരമായി പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെയും നിയമാനുസൃതമുള്ള നടപടികൾ സ്വീകരിക്കും.

ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും പ്രശ്ന സാധ്യത ബൂത്തുകൾ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നതിനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. 85 വയസ്സിന് മുകളിൽ പ്രായമുള്ള വോട്ടർമാർക്കും 40 ശതമാനം വൈകല്യമുള്ളവർക്കും വീടുകളിൽ വോട്ട് ചെയ്യാം.
അഡീഷണൽ സിഇഒമാരായ അദീല അബ്ദുള്ള, കൃഷ്‌ണദാസ്‌, വി ആർ പ്രേംകുമാർ, സി ഷർമിള എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ ഒഴിവായത്‌ 29.48 ലക്ഷം പേർ

വോട്ടർപട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ഈ വർഷം  ഒഴിവാക്കപ്പെട്ടത്‌ 2948133 പേർ. ലക്ഷം പേർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്‌ത     1837708 പേരാണ്‌ മരണപ്പെട്ടത്‌. 951532 പേർ സ്ഥലം മാറിപ്പോയതിനാൽ വോട്ടർ പട്ടികയിൽ നിന്ന്‌ ഒഴിവാക്കപ്പെട്ടു. 158893 ഇരട്ട വോട്ടുകളും കണ്ടെത്തി നീക്കം ചെയ്‌തിട്ടുണ്ട്‌.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe