അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകിയില്ല; സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത

news image
Apr 29, 2024, 9:40 am GMT+0000 payyolionline.in

കോഴിക്കോട്: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകാത്തതിനെ തുടർന്നാണ് വീണ്ടും സമരത്തിലേക്ക് കടന്നത്. കോടതിയിലുള്ള കേസ് ആയതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്ന് ഐജി കെ. സേതുരാമൻ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയുവിൽ വച്ച് പീഡനത്തിനിരയായ തന്‍റെ മൊഴി കൃത്യമായി രേഖപ്പെടുത്തിയില്ലെന്നതടക്കം ഡോ. കെ വി പ്രീതയ്ക്കെതിരെ താൻ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാത്തതിൽ പ്രതിഷേധിച്ചായിരുന്നു  കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ സമരം ഇരിക്കേണ്ടി വന്നത്. ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരമേഖല ഐജിയ്ക്ക് നിർദേശം നൽകിയതിന് പിന്നാലെ ഇക്കഴിഞ്ഞ 23 നായിരുന്നു അതിജീവിത ആദ്യ ഘട്ട സമരം അവസാനിപ്പിച്ചത്. തുടർന്നും കെ വി പ്രീതിയ്ക്കെതിരായ പരാതിയിലുളള അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നതിൽ കാലതാമസമുണ്ടാകുന്നുവെന്നതിലാണ് വീണ്ടും സമരത്തിലേക്കെത്തിയത്.

വിചാരണ നടക്കുന്ന കേസിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് നൽകുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്നാണ് പൊലീസിന്റെ വിശദീകരണം. ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം തേടേണ്ടതുണ്ടെന്നും ഉത്തരമേഖല ഐജി കെ സേതുരാമൻ പറഞ്ഞു. ഐജിയെ ചില മെഡിക്കൽ കോളേജ് എസിപി അടക്കമുള്ള കീഴ്ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച അതിജീവിത സമരം തുടരുമെന്നും അറിയിച്ചു.

അതിജീവിതയുടെ മൊഴിയെടുത്ത ഗൈനക്കോളജിസ്റ്റ് കെ വി പ്രീതി പ്രതികൾക്കനുകൂലമായി റിപ്പോർട്ടെഴുതിയെന്നായിരുന്നു അതിജീവിതയുടെ പരാതി. ഇത് അന്വേഷിച്ച മെഡിക്കൽ കോളേജ് എസിപി കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. കെവി പ്രീതി മെഴിയെടുത്തതിൽ വീഴ്ചയുണ്ടായില്ലെന്ന് കണ്ടെത്തിയ ഈ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷണനെ സമീപിച്ചിട്ടും നടപടിയുണ്ടാവാഞ്ഞതോടെയാണ് അതിജീവിത കഴിഞ്ഞ 18 ന് കമ്മീഷണർ ഓഫീസിന് മുന്നിൽ സമരമാരംഭിച്ചത്. സമരം നടുറോഡിലേക്ക് വരെ എത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe