ലഖ്നോ: പ്രമുഖ വ്യവസായി , ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ മകൻ വിവേക് ഡോവൽ എന്നിവർക്കെതിരെ ആരോപണങ്ങളുയർത്തിയ കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ പോർട്ടൽ എഡിറ്റർ ഷാജൻ സ്കറിയക്ക് കോടതിയിൽ ഹാജരാകാൻ സമൻസ്. ലഖ്നോ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് സമൻസ് അയച്ചത്.
ഷാജൻ സ്കറിയക്കുപുറമെ മറുനാടൻ മലയാളി സി.ഇ.ഒ ആൻമേരി ജോർജ്, ഗ്രൂപ് എഡിറ്റർ എം. റിജു എന്നിവർക്കും കോടതി സമൻസയച്ചു. ജൂൺ ഒന്നിന് കോടതിയിൽ നേരിട്ട് ഹാജരാകണം. ലഖ്നോവിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ ഫയൽ ചെയ്ത അപകീർത്തിക്കേസിലാണ് സമൻസ്.
മറുനാടൻ മലയാളിയുടെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്ത രണ്ട് വിഡിയോകൾ മുൻനിർത്തിയാണ് കേസ്. നോട്ട് അസാധുവാക്കലിനുശേഷം വിവേക് ഡോവലിന്റെ കമ്പനിയായ ജി.എൻ.വൈ ഏഷ്യ ഹെഡ്ജ് ഫണ്ട് അക്കൗണ്ടിലേക്ക് 8,300 കോടി രൂപ കള്ളപ്പണ ഇടപാടുകളിലൂടെ എത്തിയെന്നാണ് വിഡിയോവിലെ ആരോപണം. യൂസുഫ് അലിയുമായി അടുപ്പമുള്ള ലുലു ഗ്രൂപ്പിന്റെ ഇന്റർനാഷനൽ ഡയറക്ടർ മുഹമ്മദ് അൽത്താഫിന് ഈ ഇടപാടുമായി ബന്ധമുണ്ടെന്നും വിഡിയോവിൽ പറഞ്ഞു.