ദില്ലി : അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയുടെ അപ്പീൽ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ദ് പ്രച്‍ഛക് ആണ് ഹർജി പരിഗണിക്കുക. നേരത്തെ ജസ്റ്റിസ് ഗീതാ ഗോപി ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിൻമാറിയിരുന്നു. മോദി പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെയാണ് രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി പരിഗണിക്കാനിരിക്കവെയായിരുന്നു ജസ്റ്റിസ് ഗീതാ ഗോപി പിന്മാറിയത്. എന്തുകൊണ്ടാണ് പിന്മാറ്റമെന്നത് വ്യക്തമല്ല. ഗീതാ ഗോപിയുടെ സിംഗിൾ ബെഞ്ചിന് മുന്നിൽ കേസ് ലിസ്റ്റ് ചെയ്തതിന് പിന്നാലെ കേസ് പരിഗണിക്കാൻ കഴിയില്ലെന്ന് രജിസ്ട്രാർ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. അപകീർത്തി കേസിൽ കുറ്റക്കാരനാണെന്ന് വിധി സൂറത്ത് സെഷൻസ് കോടതി സ്റ്റേ ചെയ്യാത്തതിനെ തുടർന്ന് റിവിഷൻ പെറ്റീഷനുമായാണ് രാഹുൽഗാന്ധി ഹൈക്കോടതിയെ സമീപിച്ചത്.