അബുദാബിയിലെ നിക്ഷേപക സംഗമം; ഗോള്‍ഡന്‍ സ്പോണ്‍സറാകാന്‍ കേരളം പൊടിച്ചത് ഒന്നരക്കോടി രൂപ

news image
May 4, 2023, 12:56 am GMT+0000 payyolionline.in

അബുദാബി: അബുദാബിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കാനിരുന്ന വാ‍ർഷിക ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിനായി കേരളം പൊടിച്ചത് ഒന്നര കോടിയിലധികം രൂപ. ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിന്‍റെ ഗോൾഡന്‍ സ്പോണ്‍സറാണ് കേരള സര്‍ക്കാര്‍. ഇതിന് പുറമേ മീറ്റിങ്ങില്‍ കേരളത്തിന്‍റേതായി ഒരു മണിക്കൂര്‍ നിക്ഷേപക സംഗമവും നടത്തും.

അബുദാബി ആനുവല്‍ ഇന്‍വെസ്റ്റ്മെന്‍റ് മീറ്റിങ്ങിന്‍റെ വെബ്സൈറ്റ് പ്രകാരം നിക്ഷേപകസംഗമത്തിന്‍റെ പ്രധാന സ്പോണ്‍സര്‍മാരിലൊന്ന് കേരള സര്‍ക്കാരാണ്. രണ്ട് ഗോൾഡന്‍ സ്പോണ്‍സര്‍മാര്‍ മാത്രമാണ് സംഗമത്തിന് ആകെയുള്ളത്. ഒന്നരലക്ഷം ഡോളര്‍ അഥവാ ഒന്നേകാല്‍ കോടിയോളം രൂപ നല്‍കുന്നവരെയാണ് ഗോൾഡന്‍ സ്പോണ്‍സര്‍മാരാക്കുക. ഗോൾഡന്‍ സ്പോണ്‍സര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് നിക്ഷേപകസംഗമത്തിന്‍റെ ഏതെങ്കിലും ഒരു സെഷനില്‍ സംസാരിക്കാന്‍ അവസരവും ഉദ്ഘാടന ചടങ്ങില്‍ രണ്ട് വിഐപി സീറ്റും ലഭിക്കും. നിക്ഷേപകസംഗമത്തിലെ ഔദ്യോഗിക പ്രാസംഗികരുടെ പട്ടികയില്‍ മന്ത്രി മുഹമ്മദ് റിയാസും ഇടം പിടിച്ചിട്ടുണ്ട്. ഇതിന് പുറമേ ഗോൾഡന്‍ സ്പോണ്‍സര്‍മാര്‍ക്ക് സംഘാടകരുടെ വക പ്രത്യേക പുരസ്കാരവുമുണ്ട്. സ്പോണ്‍സര്‍ഷിപ്പ് നല്‍കുന്ന സ്ഥാപനത്തിന്‍റെ തലവന്‍റെ അഭിമുഖം വിവിധ മാധ്യമങ്ങളില്‍ നല്‍കും.

സംഗമത്തിന്‍റെ ഭാഗമായ ഗാല ഡിന്നറില്‍ പത്ത് പേര്‍ക്ക് ഇരിക്കാവുന്ന വിഐപി ടേബിളും കേരളം എടുത്തിട്ടുള്ള ഗോൾഡന്‍ സ്പോണ്‍സര്‍ഷിപ്പ് പാക്കേജിന്‍റെ ഭാഗമാണ്. നിക്ഷേപക സംഗമ വേദിയില്‍ ഗോൾഡന്‍ സ്പോണ്‍സര്‍മാര്‍ക്ക് നിക്ഷേപ സാധ്യതകളെ കുറിച്ച് പ്രദര്‍ശനത്തിനും സൗകര്യമുണ്ട്. കേരളത്തില്‍ നിന്ന് കെഎസ്ഐഡിസിയാണ് പ്രദര്‍ശകരുടെ പട്ടികയിലുള്ളത്. ഇതിന് പുറമേയാണ് ഇന്‍വെസ്റ്റ്മെന്റ് ഡെസ്റ്റിനേഷന്‍ ഫോറം എന്ന പേരില്‍ കേരളത്തിന് ഒരു മണിക്കൂര്‍ അനുവദിച്ചിരിക്കുന്നത്. നാല്‍പതിനായിരം ഡോളര്‍ അല്ലെങ്കില്‍ മുപ്പത്തിരണ്ട് ലക്ഷം ഇന്ത്യന്‍ രൂപയാണ് ഇതിന് സംഘാടകര്‍ ഈടാക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe