അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം; വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍

news image
Dec 28, 2021, 8:18 pm IST payyolionline.in

അബുദാബി: യുഎഇയിലെ  മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനുള്ള നിബന്ധനകളില്‍  മാറ്റം. ചൊവ്വാഴ്‍ചയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് അധികൃതര്‍ പുറത്തിറക്കിയത്. രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

കൊവിഡ് പ്രതിരോധ വാക്സിനുകളെടുത്തിട്ടുള്ളവര്‍ മറ്റ് എമിറ്റേറ്റുകളില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ് കാണിക്കണം. വാക്സിനെടുത്തിട്ടില്ലാത്തവര്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലമാണ് ഹാജരാക്കേണ്ടത്. പുതിയ നിബന്ധനകള്‍ ഡിസംബര്‍ 30 വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.

മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കുന്നവരെ നിലവില്‍ അതിര്‍ത്തി പോയിന്റുകളില്‍ വെച്ച് ഇ.ഡി.ഇ സ്‍കാനിങിന് വിധേയമാക്കുന്നുണ്ട്. ഇത് തുടരും. കൊവിഡ് ബാധിച്ചിരിക്കാന്‍ സാധ്യതയുള്ളവരെ കണ്ടെത്താനാണ് അതിര്‍ത്തികളിലെ ഇ.ഡി.ഇ സ്‍കാനിങ്. ഇതില്‍ പോസിറ്റീവാകുന്നവര്‍ക്ക്  അവിടെത്തന്നെ സജ്ജീകരിച്ചിട്ടുള്ള ടെസ്റ്റിങ് കേന്ദ്രത്തില്‍ ആന്റിജന്‍ പരിശോധനയും നടത്തും. ഈ പരിശോധന സൗജന്യമാണ്. രാജ്യത്തെ പൊതുജനാരോഗ്യ സംരക്ഷണവും കൊവിഡ് നിയന്ത്രണവും ലക്ഷ്യമിട്ടാണ് പുതിയ നിബന്ധനകള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe