റിയാദ് > സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വച്ചിരുന്നു.
പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ അവസാനിച്ചുള്ള അന്തിമ വിധിയും ഒപ്പം മോചന ഉത്തരവും നൽകുമെന്നാണ് വിശ്വാസമെന്ന് അബ്ദുൾ റഹീമിന്റെ കുടുംബത്തിന്റെ വിശ്വാസം. കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് മോചനത്തിൽ റഹീമിന് നിർണായകമാണ്.
കോടമ്പുഴ കെഎംഒ യത്തീംഖാന സ്കൂൾ വാഹനത്തിലെ ഡ്രൈവറായിരുന്ന അബ്ദുൽ റഹീം 2006ലാണ് സൗദിയിലെത്തിയത്. ഒരു മാസം തികയും മുമ്പ് ഡിസംബർ 26ന് ജോലിക്കിടെ സ്പോൺസറായ സൗദി പൗരൻ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹിമാൻ അൽ ശഹ്‌രിയുടെ 15 വയസ്സുകാരനായ മകൻ മരിച്ച കേസിലാണ് ജയിലിലടയ്ക്കപ്പെട്ടത്. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു. ഇന്ന് രാവിലെയാണ് കുടുംബം മടങ്ങിയെത്തിയത്.