അഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ഭാസി ലഹരിയിലോ?; നഖം, തലമുടി, രക്തം പരിശോധിക്കും

news image
Sep 27, 2022, 6:26 am GMT+0000 payyolionline.in

മരട് ∙ അഭിമുഖത്തിനിടെ ഓൺലൈൻ ചാനൽ അവതാരകയെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ നടൻ ശ്രീനാഥ് ഭാസിക്കെതിരെ കുരുക്കു മുറുക്കി പൊലീസ്. ജാമ്യത്തിലിറങ്ങിയ ശ്രീനാഥ് ഭാസിയെ ലഹരി പരിശോധനയ്ക്കു വിധേയനാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നടന്റെ ശരീര സാംപിളുകൾ ശേഖരിച്ചു. നഖം, തലമുടി, രക്തം എന്നിവയുടെ സാംപിളുകളാണ് മരട് പൊലീസ് ശേഖരിച്ചത്.

 

അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയ നടൻ, ആ സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നു കണ്ടെത്താനാണു പരിശോധന. അതേസമയം, ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചിരുന്നതായി അവതാരകയുടെ പരാതിയിലില്ല. ‘ചട്ടമ്പി’ എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്നും ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമായിരുന്നു അവതാരകയുടെ പരാതി.

സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് മരടു പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. അഭിഭാഷകനോടൊപ്പം ഉച്ചയോടെ സ്റ്റേഷനിൽ എത്തിയ നടൻ അവതാരകയെ അപമാനിച്ചിട്ടില്ലെന്നും കൂടെയുണ്ടായിരുന്ന പുരുഷൻമാരോടാണു സംസാരിച്ചതെന്നുമുള്ള നിലപാടിലായിരുന്നു. വൈകിട്ട് ആറോടെ 2 പേരുടെ ഉറപ്പിലാണു ജാമ്യം അനുവദിച്ചത്.

സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി മരടിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിനിടെ ആയിരുന്നു സംഭവം. പരാതിക്കാരിയുടെയും സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തിയിരുന്നു. അഭിമുഖം നടന്ന മുറിയിൽ സിസിടിവി ക്യാമറ ഉണ്ടായിരുന്നില്ല. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും ഓൺലൈൻ ചാനൽ റിക്കോർഡ് ചെയ്ത അഭിമുഖവും ‌പരിശോധിച്ചു. നടൻ അപമാനിച്ചെന്ന് അവതാരക ഒരാഴ്ച മുൻപാണു പരാതി നൽകിയത്. സംസ്ഥാന വനിതാ കമ്മിഷനിലും നടനെതിരെ പരാതി നൽകിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe