അമിത വേഗത, രൂപമാറ്റം, നമ്പർ പ്ലേറ്റിൽ കൃത്രിമത്വം; ന്യൂജൻ ബൈക്കുകൾ കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്

news image
Jul 22, 2023, 1:23 pm GMT+0000 payyolionline.in

തിരുവല്ല: രൂപമാറ്റം വരുത്തിയും അതിസുരക്ഷ നമ്പർ പ്ലേറ്റിൽ കൃത്രിമത്വം കാട്ടിയും അമിത വേഗതയിൽ അപകടകരമായ രീതിയിൽ ഓടിച്ച ന്യൂജൻ ബൈക്കുകൾ മോട്ടോർ വാഹന വകുപ്പ് കഡിയിലെടുത്തു. പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ വേളൂർ മുണ്ടകം റോഡിൽ നിന്നാണ് ബൈക്കുകൾ പിടികൂടിയത്. അര ലക്ഷം രൂപയോളം പിഴ ചുമത്തിയിട്ടുണ്ട്.

 

കഡിയിലെടുത്ത ബൈക്കുകളെല്ലാം ലക്ഷങ്ങൾ വിലവരുന്ന ആഡംബര ബൈക്കുകളാണ്. പല ബൈക്കിന്റെയും ടയർ മാറ്റി വീതികൂടിയ ടയർ ഇട്ടിട്ടുണ്ട്. സൈലൻസർ മാറ്റി പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നവയാണ് വച്ചിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം ഇൻസ്പെക്ടർ പി.വി.അനീഷിന്റെ നേതൃത്വത്തിൽ എം. ഷമീർ, മനു വിശ്വനാഥ്, സ്വാതി ദേവ്, എസ്. സാബു എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ പിടികൂടിയത്.

നാട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് മോട്ടർ വാഹന വകുപ്പ് വേങ്ങൽ -വേളൂർ മുണ്ടകം റോഡിൽ പരിശോധന കർശനമാക്കിയത്. വേങ്ങൽ പാടശേഖരത്തിനും ന്യൂ മാർക്കറ്റ് കനാലിനും മധ്യേയുള്ള നേർരേഖയിലുള്ള റോഡ് കൂമ്പുംമൂട് അവസാനിക്കുകയാണ്. അയ്യനവേലി പാലം മുതൽ കൂമ്പുംമൂട് വരെ 2 കിലോമീറ്ററോളം ഏറെക്കുറെ വിജനമായ റോഡാണ്. ഈ ഭാഗത്ത് രാവും പകലും പുതുതലമുറ ബൈക്കുകളുമായി ചെറുപ്പക്കാർ സ്ഥിരമായി അഭ്യാസ പ്രകടനം നടത്താറുണ്ട്.

റോഡിനോടു ചേർന്ന ബണ്ടിൽ കുറെയധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്കു വീടിനു പുറത്തേക്കിറങ്ങാൻ കഴിയാത്ത വിധം ബൈക്കുകൾ ചീറിപ്പായുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കൊച്ചുകുട്ടികൾ പലപ്പോഴും അപകടത്തിൽ പെടാതെ രക്ഷപെടുകയാണ്. ഇതോടൊപ്പം മദ്യം, ലഹരി എന്നിവയുടെ ഉപയോഗവും ഈ പ്രദേശത്തെത്തുന്നവരിൽ കൂടിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe