അയനിക്കാട്: അയനിക്കാട് ഒമ്പതാം ഡിവിഷനിൽ കുറ്റ്യാടി പുഴയോട് ചേർന്ന് നിർമ്മിച്ച കക്കുയിൽ ചീർപ്പ് പൊട്ടിപ്പൊളിഞ്ഞ നിലയില്‍. ചീർപ്പ് പൊട്ടിപ്പൊളിഞ്ഞതോടെ കുറ്റ്യാടി പുഴയിൽ നിന്നും വയലുകളിലേക്കും കുടിവെള്ള സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം നിറയുകയാണ്. ഇതിന്റെ ഫലമായി തീരദേശവാസികളുടെ കുടിവെള്ള വിതരണവും പച്ചക്കറി കൃഷികളും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. പയ്യോളി നഗരസഭയിലെ 9, 11, 14, 15 ഡിവിഷനുകളിലെ കൃഷിയും കുടിവെള്ളവും പ്രതിസന്ധിയിലായി.
മരൂ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഐ എച്ച് ഡി പി തുറശ്ശേരി കടവ് കോളനിയുടെ കുടിവെള്ള പദ്ധതിക്കും ഇത് ഭീഷണിയാണ്. ചീർപ്പിന്റെ ചുമതല മൈനർ ഇറിഗേഷൻ വകുപ്പിന്റെ കീഴിലുള്ളതായതിനാൽ നഗരസഭക്ക് പുനർനിർമാണത്തിന് ആവശ്യമായ ഫണ്ടുകൾ ലഭ്യമല്ലെന്ന് കർഷകർ പറഞ്ഞു.ചീർപ്പ് പുനർനിർമിച്ചാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് കർഷകർ പറയുന്നു.