അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം; പദയാത്രക്കിടെ ദ്രാവകം എറിഞ്ഞു, പ്രതി കസ്റ്റഡിയിൽ

news image
Nov 30, 2024, 1:21 pm GMT+0000 payyolionline.in

ദില്ലി: ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനുനേരെ ആക്രമണം. ഇന്ന് ദില്ലിയിലെ ഗ്രേറ്റര്‍ കൈലാശ് ഭാഗത്ത് പ്രവര്‍ത്തകര്‍ക്കും മറ്റു നേതാക്കള്‍ക്കുമൊപ്പം പദയാത്ര നടത്തുന്നതിനിടെയാണ് ആക്രമണ ശ്രമം ഉണ്ടായത്. പദയാത്ര നടന്നുകൊണ്ടിരിക്കെ പെട്ടെന്ന് കെജ്രിവാളിനുനേരെ ഒരാള്‍ ദ്രാവകം എറിയുകയായിരുന്നു.

ഉടൻ തന്നെ മറ്റു പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയെ തടഞ്ഞു. ഉടൻ തന്നെ അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുപ്പിയിൽ കൊണ്ടുവന്ന ദ്രാവകം കെജ്രിവാളിന്‍റെ സമീപത്ത് വെച്ച് ശരീരത്തിലേക്ക് ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു. ദ്രാവകത്തിന്‍റെ തുള്ളികള്‍ കെജ്രിവാളിന്‍റെ ശരീരത്തിൽ വീണെങ്കിലും അപകടമൊന്നും ഉണ്ടായില്ല.

ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ കെജ്രിവാളിനും പ്രവര്‍ത്തകര്‍ക്കും മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഏതുതരം ദ്രാവകമാണ് എറിയാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe