കുമളി: പെരിയാര്‍ ടൈഗർ റിസർവിലേക്കു മാറ്റിയ കാട്ടാന അരിക്കൊമ്പനെ നിരീക്ഷിക്കാൻ വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ എട്ടംഗ സംഘം. ഇടുക്കി ചിന്നക്കനാലിലെ ജനവാസമേഖലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെ ഞായറാഴ്ച പുലർച്ചെയോടെയാണ് പെരിയാർ ടൈഗർ റിസർവിലെ ഉൾവനത്തിലേക്കു മാറ്റിയത്. ചിന്നക്കനാലിൽനിന്നു ലോറിയിൽ കയറ്റി പെരിയാർ ടൈഗർ റിസർവിലേക്കു വരുന്നതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈക്കു പരുക്കേറ്റിരുന്നു.
തുറന്നുവിട്ട സ്ഥലത്തിനു മൂന്നു കിലോമീറ്റര്‍ പരിധിയില്‍ തുടരുന്നു. വിവിധ സ്ഥലങ്ങളിലായി പുല്ല് വച്ചിരുന്നെങ്കിലും എടുത്തില്ല. മരുന്നുചേര്‍ത്ത വെള്ളം വച്ച വീപ്പകളില്‍ രണ്ടെണ്ണം മറിച്ചിട്ടു. ആറ് ആനകളുടെ കൂട്ടം സമീപത്തെത്തിയെങ്കിലും അരിക്കൊമ്പന്‍ പിന്മാറി. വെറ്ററിനറി ഡോക്ടര്‍ ഉള്‍പ്പെടെ എട്ടംഗ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്.
സാമാന്യം ആഴത്തിലുള്ളതാണ് മുറിവ്. ഇത് ഉണങ്ങാൻ വേണ്ട മരുന്നു നൽകിയ ശേഷമാണ് ആനയെ ലോറിയിൽനിന്ന് ഇറക്കിയത്. ചിന്നക്കനാലിൽനിന്നു ലോറിയിൽ കയറ്റിയ സമയത്തോ യാത്രക്കിടയിലോ ആയിരിക്കാം പരുക്കേറ്റതെന്നാണു നിഗമനം. ദൗത്യത്തിനു തലേദിവസം ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയപ്പോഴും അരിക്കൊമ്പന്റെ ശരീരത്തിൽ മുറിവുകൾ പറ്റിയിരുന്നെന്നു ദൗത്യസംഘം അറിയിച്ചു. പരുക്കുകളിൽ മരുന്നുവച്ചതിനു ശേഷമാണ് ആനയെ തുറന്നുവിട്ടത്.