അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ, നിരീക്ഷണം തുടർന്ന് വനംവകുപ്പ്

news image
May 2, 2023, 2:27 am GMT+0000 payyolionline.in

പെരിയാർ (ഇടുക്കി) : ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ. തുറന്നുവിട്ട സ്ഥലത്ത് നിന്ന് ഒൻപത് കിലോമീറ്റർ അകലെയാണ് കൊമ്പൻ ഇപ്പോൾ ഉള്ളത്. പെരിയാർ കടുവാ സങ്കേതത്തിലെ വനമേഖലയിൽ തന്നെയാണ് ഇത്. ജിപിഎസ് കോളറിൽ നിന്ന് സിഗ്നൽ  ലഭിക്കുന്നുണ്ടെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. വനംവകുപ്പ് വാച്ചർമാരുടെ സംഘം അരിക്കൊമ്പനെ നിരീക്ഷിച്ച് വരികയാണ്. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും മയക്കത്തിൽ നിന്ന് കൊമ്പൻ പൂർണമായും ഉണർന്നുവെന്നും വനംവകുപ്പ് വ്യക്തമാക്കി.

 

അരിക്കൊമ്പൻ ദൗത്യത്തിന് വേണ്ടി ചിന്നക്കനാലിൽ എത്തിച്ച കുങ്കിയാനകൾ ഇന്ന് മുതൽ മടങ്ങിത്തുടങ്ങിയേക്കും. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനാൽ ഇവരെ വീണ്ടും വയനാട്ടിലേക്ക് എത്തിക്കണം. കുങ്കികളെ കൊണ്ടു പോകാൻ രണ്ട് ലോറികളാണ് വനം വകുപ്പിനുള്ളത്. ഇതിൽ രണ്ടാനകളെ ഇന്ന് കൊണ്ടു പോകും. ആരൊക്കെയാണ് ആദ്യം പോകേണ്ടത് എന്നത് സംബന്ധിച്ച് ഡോ അരുൺ സഖറിയയും വയനാട് ആർആർടി റേഞ്ച് ഓഫീസർ രൂപേഷുമാണ് തീരുമാനം എടുക്കേണ്ടത്. അടുത്ത പതിനഞ്ചു മുതൽ വിക്രമിന് മദപ്പാട് തുടങ്ങുമെന്നതിനാൽ ആദ്യ സംഘത്തിൽ വിക്രമിനെ ഉൾപ്പെടുത്തിയേക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe