അറക്കുളത്ത് എഫ്സിഐ ഗോഡൗണ്‍ സംഭരണശേഷി ഇരട്ടിയാക്കി

news image
Nov 4, 2013, 2:17 pm IST payyolionline.in
തൊടുപുഴ: നബാര്‍ഡിന്‍റെ സഹായത്തോടെ സംസ്ഥാനത്തെ ഫുഡ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യാ (എഫ്സിഐ) ഗോഡൗണുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അറക്കുളം എഫ്സിഐ ഗോഡൗണ്‍ 10,000 ടണ്ണായി സംഭരണശേഷി വര്‍ധിപ്പിച്ചതിന്‍റെ ഉദ്ഘാടനം വീഡിയോ സന്ദേശത്തിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രൊഫ. കെ.വി. തോമസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അഞ്ചു കിലോ അരി പാക്കറ്റുകളുടെ പൊതുവിതരണത്തിന്‍റെ പൈലറ്റ് പദ്ധതി കേരളത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി കെ.വി. തോമസ് പറഞ്ഞു. അറക്കുളം ഗോഡൗണിന്‍റെ സംഭരണശേഷി വര്‍ധിപ്പിക്കലിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ചതിലും പൂര്‍ത്തിയാക്കിയതിനു മുന്‍പു പ്രഖ്യാപിച്ചിരുന്ന 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നു മന്ത്രി കെ.വി. തോമസ് ഉറപ്പു നല്‍കി. ഗോഡൗണിലേക്കുള്ള റോഡ് സൗകര്യവും പാര്‍ക്കിങ് സൗകര്യവും മെച്ചപ്പെടുത്താന്‍ 40 ലക്ഷം രൂപയും അനുവദിച്ചതായി അദ്ദേഹം ചടങ്ങില്‍ അറിയിച്ചു.

സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ക്ക് വേണ്ടിയുള്ള 10 ബസുകള്‍ക്ക് വേണ്ടിയുള്ള ഒന്നരകോടി രൂപയുടെ ചെക്ക് കേന്ദ്രമന്ത്രി കെ.വി. തോമസ് സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന് കൈമാറി. ഭക്ഷ്യസുരക്ഷാ പദ്ധതി ലോകത്തിനു തന്നെ മാതൃകയാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ് പറഞ്ഞു.

കൊച്ചിയിലും കോഴിക്കോടും എഫ്സിഐ 25,000 ടണ്‍ സംഭരണ ശേഷിയുള്ള സൈലോസ് ആരംഭിക്കുമെന്ന് എഫ്സിഐ ചെയര്‍മാന്‍ ചടങ്ങില്‍ ആമുഖപ്രഭാഷണം നടത്തിയ എഫ്സിഐ ചെയര്‍മാന്‍ സി. വിശ്വനാഥ് അറിയിച്ചു. റോഷി അഗസ്റ്റിന്‍ എംഎല്‍എ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉസ്മാന്‍, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ഗോപിനാഥ്, ജില്ലാ പഞ്ചായത്തംഗം അലക്സ് കോഴിമല, ഗ്രാമപഞ്ചായത്തംഗം ശ്രീകല ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടോമി ജോസഫ് കുന്നേല്‍ എന്നിവര്‍ സംസാരിച്ചു. എഫ്സിഐ എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ (സൗത്ത്) സുരീന്ദര്‍ സിങ് നന്ദി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe