അഴിയൂരില്‍ വീട് കുത്തി തുറന്ന്‍ വന്‍ മോഷണം; 82 പവനു 50,000 രൂപയും നഷ്ടപ്പെട്ടു

news image
Nov 18, 2013, 8:59 pm IST payyolionline.in

അഴിയൂര്‍:  വീട് കുത്തി തുറന്ന്‍ വീണ്ടും നടന്ന വന്‍ മോഷണത്തില്‍ 82 പവനും 50000 രൂപയും കവര്‍ന്നു. അഴിയൂര്‍ റെയില്‍വേ രണ്ടാം ഗേറ്റിനു സമീപം മിനാര്‍ ഹൗസില്‍ സാഹിറയുടെ വീട് കുത്തി തുറന്നാണ് മോഷണം നടത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയ്ക്കും രാത്രി പത്ത് മണിക്കുമിടയിലാണിത് നടന്നത്. വീടിന്റെ മുന്‍ ഭാഗത്തെ വാതില്‍ കുത്തി തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ പിന്‍ഭാഗത്തെ വാതില്‍ കുത്തി തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. താഴത്തെ നിലയിലെ കിടപ്പ് മുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണവും പണവുമാണ്‌ നഷ്ടമായത്. മാഹിയിലെ ബന്ധുവിന്റെ വീട്ടില്‍ കല്യാണത്തിനുപോയി തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്നത് കണ്ടത്. സാഹിറയുടെ ഭര്‍ത്താവ് അഷറഫ് വിദേശത്താണ്. വടകര എ.എസ്.പി യതിഷ് ചന്ദ്ര, വിരലടയാള വിദഗ്ധന്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. പയ്യോളി സി ഐ  കെ.കെ വിനോദിനാണ് അന്വേഷണ ചുമതല. ഇക്കഴിഞ്ഞ ഒക്ടോബര്‍ 23 ന് സമാന രീതിയിലുള്ള കവര്‍ച്ച ഇതിന് തൊട്ടടുത്തുള്ള കോറോത്ത് റോഡിലെ മഠത്തുംകണ്ടി അബ്ദുല്‍ നാസറിന്റെ വീട്ടിലും നടന്നിരുന്നു. അന്ന് 10 പവനും 20000 രൂപയുമാണ് മോഷണം പോയത്. ഇതിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe