വടകര: നാലുവരിപ്പാതയായി നിർമാണം നടക്കുന്ന അഴിയൂർ- മാഹി-മുഴപ്പിലങ്ങാട് ബൈപാസ് അന്തിമഘട്ടത്തിൽ. മേഖലയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്ന പാതയുടെ 17 കിലോമീറ്റർ നിർമാണം പൂർത്തിയായി. 18.6 കിലോമീറ്റർ ദൂരത്തിലാണ് അഴിയൂർ മാഹി മുഴപ്പിലങ്ങാട് ബൈപാസ് നിർമിക്കുന്നത്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന മാഹി, തലശ്ശേരി ടൗണുകളെ ഒഴിവാക്കിയാണ് പുതിയ പാത.
മാഹി, തലശ്ശേരി പാലം തുടങ്ങിയ റെയിൽവേ പാലങ്ങളുടെ പണി പൂർത്തിയായാൽ പദ്ധതി യാഥാർഥ്യമാവും. റെയിൽവേയാണ് പാലങ്ങളുടെ പണി പൂർത്തീകരിക്കേണ്ടത്. നിർമാണത്തിന്റെ ഭാഗമായി നിരവധി സ്ഥലങ്ങളിൽ സർവിസ് റോഡുകൾ നിർമിച്ചിട്ടുണ്ട്. ടോൾ പ്ലാസയോടുകൂടിയാണ് ബൈപാസ് നിർമാണം നടക്കുന്നത്. ബൈപാസിന്റെ ഭാഗമായ അഴിയൂർ മേൽപാലം നിർമാണം പൂർത്തിയായിട്ടുണ്ട്. 1300 കോടി ചെലവിലാണ് റോഡ് നിർമാണം പൂർത്തീകരിക്കുന്നത്.
അഴിയൂർ, മാഹി, ചൊക്ലി, ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്. അഴിയൂർ പാലത്തിന്റെ ഭാഗത്തുനിന്നാണ് അഴിയൂർ വെങ്ങളം ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമാവുന്നത്.
ബൈപാസ് 2023 മാർച്ചിൽ കമീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്കാണ് തടസ്സമായിനിൽക്കുന്നത്.