അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്; റാക്കറ്റിലെ മുഖ്യകണ്ണി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ഹൈദരാബാദിൽ നിന്ന്

news image
Jun 1, 2024, 7:30 am GMT+0000 payyolionline.in

കൊച്ചി: അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസില്‍ മുഖ്യകണ്ണിയെ പിടികൂടി പ്രത്യേക അന്വേഷണ സംഘം. ഹൈദരാബാദ് റാക്കറ്റിലെ മുഖ്യകണ്ണിയെയാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദില്‍ നിന്നും പിടികൂടിയത്. ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം ഹൈദരാബാദിലെത്തി പ്രതിയെ പിടികൂടിയത്.

പ്രതാപൻ എന്ന പേരില്‍ അറിയപ്പെടുന്ന ബല്ലംകൊണ്ട രാമപ്രസാദ് ആണ് പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളെ ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്തു. നിലവില്‍ ആലുവ പൊലീസിന്‍റെ കസ്റ്റഡിയിലാണ് പ്രതി. ഓണ്‍ലൈനില്‍ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാൻ പ്രേരിപ്പിക്കുന്നതാണ് ഇയാളുടെ രീതി. കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രമാണ് ഇരയായതെന്നാണ് വിവരം. കൂടുതല്‍ പേരും ഹൈദരാബാദ്, തമിഴ്നാട് സ്വദേശികളാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കാണ് ഇറാൻ സംഘവുമായി ബന്ധമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പ്രതിയെ തേടി പൊലീസ് അന്വേഷണം സംഘം ഹൈജരാബാദിലെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജ്യാന്തര കടത്ത് സംഘത്തെക്കുറിച്ച് നിര്‍ണായക വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഒന്നാം പ്രതി സബിത്ത് നാസർ അവയവ കടത്ത് സംഘവുമായി ആദ്യം ബന്ധം സ്ഥാപിക്കുന്നത് ഹൈദരാബാദിൽ വെച്ചാണെന്നാണ് കണ്ടെത്തിയിരുന്നത്.

അതേസമയം, കേസിലെ നാലാം പ്രതി ആലുവ സ്വദേശി മധു ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാൻ ബ്ലു കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. മറ്റു പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ഹൈദരാബാദ് സ്വദേശിയില്‍ നിന്നും തേടാനാണ് നീക്കം.  അവയവ കടത്തിൽ ഇരയായ പാലക്കാട്‌ സ്വദേശി ഷബീറിനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്താൻ ആയിട്ടില്ല. ഇയാളുടെ ആരോഗ്യ സ്ഥിതി ആശങ്കയിൽ എന്നാണ് വിവരം. ശാസ്ത്രക്രിയക്ക് ശേഷം ഇയാൾ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. പൊലീസ് എത്തുന്നത് അറിഞ്ഞതോടെ ഇയാൾ തമിഴ്നാട്ടിലെ താമസ സ്ഥലം മാറ്റിയിരുന്നു. തെരച്ചിൽ തുടരുന്നത് ഇയാളുടെ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe