അവശനിലയില്‍ കണ്ടെത്തിയ നടന്‍ ലോകേഷ് മരിച്ചു; ആത്മഹത്യാ സാധ്യത പരിശോധിച്ച് പൊലീസ്

news image
Oct 7, 2022, 5:39 am GMT+0000 payyolionline.in

ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകപ്രീതി നേടിയ തമിഴ് നടന്‍ ലോകേഷ് രാജേന്ദ്രന്‍ (34) മരിച്ചു. നൂറ്റിയന്‍പതോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യയാണോ ഇതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സിആര്‍പിസി സെക്ഷന്‍ 174 പ്രകാരം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

 

കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ലോകേഷ് കടുത്ത മദ്യാസക്തിയിലേക്ക് എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ചെന്നൈ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പലപ്പോഴും കിടന്നുറങ്ങിയിരുന്ന ഇദ്ദേഹത്തെ പലരും തിരിച്ചറിഞ്ഞിരുന്നു. തിങ്കളാഴ്ചയും ഇതേ സ്ഥലത്ത് ഇദ്ദേഹത്തെ ശാരീരികാസ്വാസ്ഥ്യത്തോടെ കാണപ്പെട്ട ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.

മകനും ഭാര്യക്കുമിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടെന്ന് ഒരു മാസം മുന്‍പാണ് താന്‍ മനസിലാക്കിയതെന്ന് ലോകേഷിന്‍റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരണത്തിന് നാല് ദിവസങ്ങള്‍ക്കു മുന്‍പ് ഭാര്യയില്‍ നിന്ന് ലോകേഷിന് വിവാഹ മോചനത്തിനുള്ള ഒരു നോട്ടീസും ലഭിച്ചിരുന്നു. മകന് വിഷാദമുണ്ടായിരുന്നു. വെള്ളിയാഴ്ചയാണ് ഞാനവനെ അവസാനം കണ്ടത്. കുറച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടതു പ്രകാരം ഞാന്‍ നല്‍കി. ഒരു എഡിറ്റര്‍ എന്ന നിലയില്‍ ജോലി ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു, ലോകേഷിന്‍റെ പിതാവ് പറയുന്നു.

ബാലതാരമായിരുന്നപ്പോള്‍ അഭിനയിച്ച മര്‍മദേശം എന്ന പരമ്പരയിലെ വേഷമാണ് ലോകേഷിന്‍റേതായി ഏറ്റവുമധികം പ്രേക്ഷകശ്രദ്ധ നേടിയത്. പല കഥകള്‍ പറഞ്ഞ മിസ്റ്ററി ത്രില്ലര്‍ പരമ്പരയില്‍ വിടത്ത് കറുപ്പ് എന്ന ഭാഗത്തിലെ രാസ് എന്ന കഥാപാത്രത്തെയാണ് ലോകേഷ് അതില്‍ അവതരിപ്പിച്ചത്. 1996 ലാണ് ഈ സീരിയല്‍ സംപ്രേഷണം ചെയ്തത്. വിടത്ത് കറുപ്പിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അടുത്തിടെ പരമ്പരയുടെ 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒത്തുകൂടിയിരുന്നു. ലോകേഷിന് രണ്ട് കുട്ടികളും ഉണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe