‘അശ്ലീല വീഡിയോ കാണുന്നതായി വിവരം, സ്ത്രീകളെ വിളിക്കുന്നത് ഡിവൈഎസ്പി’; ആ കോൾ വന്നാൽ ജാഗ്രത വേണമെന്ന് പൊലീസ്

news image
Mar 2, 2024, 1:12 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിദേശത്ത് നിന്ന് വാട്‌സ്ആപ്പില്‍ വിളിച്ച് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ്. അപരിചിതമായ രാജ്യാന്തര വാട്‌സ്ആപ്പ് കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. ഇത്തരം വ്യാജ കോളുകളില്‍ വിശ്വസിച്ച് നിരവധി സ്ത്രീകള്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ‘ സൈബര്‍ ഡിവൈഎസ്പി എന്നു പരിചയപ്പെടുത്തിയാണ് തട്ടിപ്പു സംഘം വിളിക്കുന്നത്. നിങ്ങളുടെ ഫോണ്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അറിയിക്കും. തുടര്‍ന്ന് ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തും.’ ഇതോടെ പേടിച്ചു പോകുന്ന സ്ത്രീകളെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിളിച്ച് കേസ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുന്ന തരത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അപരിചിതമായ വിദേശ നമ്പറുകളിലെ കോളുകള്‍ സ്വീകരിക്കാതിരിക്കുക എന്നാണ് ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി. എല്ലാത്തരം സൈബര്‍ തട്ടിപ്പിനെതിരെയും പരമാവധി ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു.ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930ല്‍ അറിയിക്കുക. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് കേരളാ പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe