അസമയത്ത് തിരുനെല്ലിയിലെ വീട്ടിലെത്തി; എസ്.ഐ. ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്‌പെൻഷൻ

news image
May 14, 2022, 9:53 am IST payyolionline.in

മാനന്തവാടി : അസമയത്ത് തിരുനെല്ലിയിലെ വീട്ടിലെത്തിയ എസ്.ഐ. ഉൾപ്പെടെ നാലു പോലീസുകാർക്ക് സസ്പെൻഷൻ. പുല്പള്ളി സ്റ്റേഷനിലെ എസ്.ഐ. കെ.എസ്. ജിതേഷ്, എ.എസ്.ഐ. സി.വി. തങ്കച്ചൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ വി.ജെ. സനീഷ്, സിവിൽ പോലീസ് ഓഫീസർ എൻ. ശിഹാബ് എന്നിവരെയാണ് കണ്ണൂർ റെയ്‌ഞ്ച് ഡി.ഐ.ജി. രാഹുൽ ആർ. നായർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പോലീസ് ഓഫീസറുടെ വിവാഹത്തിൽ പങ്കെടുത്തശേഷമാണ് നാലംഗസംഘം പുലർച്ചെ ഒരുമണിയോടെ അപ്പപ്പാറയിലുള്ള വീട്ടിലെത്തിയത്. കേസിന്റെ ഭാഗമായി സമൻസ് നൽകാനാണ് തങ്ങൾ എത്തിയതെന്നാണ് പോലീസുകാർ വീട്ടുകാരെ അറിയിച്ചത്. വീട്ടമ്മയുടെ പ്രായമായ മാതാപിതാക്കളും പ്രസവിച്ചുകിടക്കുന്ന മകളുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകനും മരുമകനും സമീപത്തുള്ള വിവാഹത്തിന് പങ്കെടുക്കാൻ പോയിരുന്നു. പോലീസ് ജീപ്പുമായെത്തിയ നാലുപേർക്കും യൂണിഫോമും ഉണ്ടായിരുന്നില്ല. കാലിലെ ചെളിയും മറ്റും ഉരച്ച് ഇവരുടെ വീട് വൃത്തികേടാക്കുകയും ചെയ്തു. സംഭവത്തിൽ പന്തികേടുതോന്നിയ വീട്ടമ്മ ജില്ലാ പോലീസ് മേധാവിയുമായി ബന്ധപ്പെടുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനാണ് സംഭവം അന്വേഷിച്ചത്.

തുടർന്ന് റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന് കൈമാറുകയായിരുന്നു. ജില്ലാ പോലീസ് മേധാവി കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി.ക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പോലീസുകാരുടെ പേരിൽ നടപടിയുണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe