അസിസ്റ്റൻ്റ് പ്രൊഫസർ നിയമനം: കാലിക്കറ്റ് സർവകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി

news image
Feb 24, 2021, 12:39 pm IST

കോഴിക്കോട്: അസിസ്റ്റന്‍റ് പ്രൊഫസർ നിയമത്തില്‍ കാലിക്കറ്റ് സർവകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി. സിൻഡിക്കേറ്റ് അംഗം ഹർജി ഡോ. റഷീദിന്‍റെ പരാതിയിലാണ് നടപടി. അടുത്ത മാസം നാലിന് നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. യുജിസി മാർഗ്ഗനിർദ്ദേശങ്ങളും സംവരണ ചട്ടങ്ങളും അട്ടിമറിച്ച് സർവകലാശാലയിൽ നിയമനങ്ങൾ നടത്തുന്നുവെന്നാണ് പരാതി. കാലിക്കറ്റിലെ വിവിധ ഡിപ്പാർട്ട്മെൻ്റുകളിലെ അധ്യാപക നിയമനത്തിനെതിരെ നിരവധി പരാതികളുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ജനുവരി 30ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ 16 പഠന വകുപ്പുകളിൽ 43 ഉദ്യോഗാർതഥികളുടെ നിയമനം അംഗീകരിച്ചത്. എജുക്കേഷൻ, ഇക്കണോമിക്സ് അടക്കം വിവിധ വകുപ്പുകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾ നിയമനത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിൻഡിക്കേറ്റ് അംഗം ഗവർണറെ സമീപിച്ചത്.

നിയമന വിജ്ഞാപനം ഇറങ്ങുന്നതിന് മുന്നേ തന്നെ ഭിന്നശേഷി, ജാതി അടക്കമുള്ള സംവരണ സീറ്റുകൾ ഏതെന്ന് നിർണയിക്കണമെന്ന യുജിസി ചട്ടം കാലിക്കറ്റിൽ പാലിച്ചിട്ടില്ലെന്നാണ് പ്രധാന ആരോപണം. അധ്യാപക നിയമനം സുതാര്യമാവണമെന്നാണ് യുജിസി നിർദ്ദേശമെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്നും പരാതിയിൽ പറയുന്നു. നിയമനം നടന്നിട്ടു പോലും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിലെ ദുരൂഹതയും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

വിവിധ വകുപ്പുകളിലെ ഒഴിവനുസരിച്ച് തയ്യാറാക്കിയ പട്ടിക ചട്ടമനുസരിച്ച് സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നൽകാവുന്നതാണ്. എന്നാൽ ഇത് ആവശ്യപ്പെട്ടിട്ടും വൈസ് ചാൻസലർ നൽകാൻ തയ്യാറാകാതിരുന്നത് മുൻ കൂട്ടി തീരുമാനിച്ച ഉദ്യോഗാർത്ഥികളെ നിയമിക്കാൻ വേണ്ടിയാണെന്നും ആരോപണമുണ്ട്.

സർവ്വകലാശാലയിൽ സംവരണ വിഭാഗത്തിനായി നീക്കി വച്ച 29 തസ്തികകൾ ഇനിയും നികത്താനുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കൂടിക്കാഴ്ചയിൽ പങ്കെടുത്തവരെ ഫലമറിയിച്ചില്ലെന്നും ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചില്ലെന്നുമുള്ള ആരോപണവുമായി ഉദ്യോഗാർത്ഥികളും രംഗത്തുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe