സൗത്ത് ഡൽഹിയിൽ അസുഖക്കാരിയായ അമ്മായി അമ്മയെ ഫ്രൈ പാൻ കൊണ്ട് തലക്കടിച്ചു കൊന്ന യുവതി അറസ്റ്റിൽ

news image
May 10, 2023, 10:02 am GMT+0000 payyolionline.in

ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ ഫ്രൈ പാൻ ഉപയോഗിച്ച് ഭർത്താവിന്റെ അമ്മയെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ആർത്രൈറ്റിസ് ബാധിച്ച 86 വയസുള്ള അമ്മയുടെ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ യുവതി അസ്വസ്ഥയായിരുന്നു. ഏപ്രിൽ 28നാണ് ദാരുണ സംഭവം നടന്നത്.

തന്റെ സുഹൃത്തിന്റെ അമ്മ ഹാസി സോം ഫ്ലാറ്റിൽ നിന്ന് വീണുവെന്നും നല്ല രക്തസ്രാവമുണ്ടായി എന്നും സൂചിപ്പിച്ച് ഒരാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഹാസി സോം വീട്ടിലെ അടുക്കളയിൽ വീണു കിടക്കുന്നതാണ് കണ്ടത്. അവരുടെ മുഖത്തും തലയോട്ടിയിലും നല്ല പരിക്കുണ്ടായിരുന്നു.

അമ്മക്ക് ദീർഘകാലമായി ആർത്രൈറ്റിസ് ഉണ്ടെന്നും നടക്കാൻ പ്രശ്നമുണ്ടായിരുന്നുവെന്നും സുർജിത് പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റിന്റെ ബെഡ്​റൂമിൽ സി.സി.ടി.വി കാമറയുണ്ടായിരുന്നു. എന്നാൽ സ്റ്റോറേജ് ഡിവൈസ് ഉണ്ടായിരുന്നില്ല. ഫോണിലൂടെ ഈ സി.സി.ടി.വി ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് സുർജിത് അമ്മയുടെ ചലനങ്ങൾ മനസിലാക്കിയിരുന്നത്. അമ്മക്ക് അപകടം സംഭവിച്ച ദിവസം വൈദ്യുതി ഇല്ലാത്തതിനാൽ സി.സി.ടി.വി ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്നും സുർജിത് പറഞ്ഞു.

തുടക്കത്തിൽ ആർക്കും മരണത്തിൽ സംശയമൊന്നും തോന്നിയിരുന്നില്ല. മൃതദേഹം എയിംസിലേക്ക് കൊണ്ടുപോയി ഏപ്രിൽ 29ന് പോസ്​ററ്മോർട്ടം നടത്തി. ഒരു വീഴ്ചയിലുണ്ടാകുന്ന ആഘാതങ്ങളല്ല ശരീരത്തിലെന്നും ഇതെകുറിച്ച് വിശദമായി അന്വേഷിക്കണമെന്നും പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞു. തന്റെ അമ്മയും മുത്തശ്ശിയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് സുർജിതിന്റെ മകൾ പൊലീസിനോട് പറഞ്ഞു. സുർജിതും അത് ശരിവെച്ചതോടെ പൊലീസിന് അന്വേഷണം എളുപ്പമായി.

അപകടം നടക്കുമ്പോൾ ശർമിഷ്ട ഫ്ലാറ്റി​ലുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പിന്നാലെ ബെഡ്റൂമിൽ വെച്ച സി.സി.ടി.വി കാമറയിലെ മെമ്മറി കാർഡ് നീക്കം ചെയ്തത് താനാണെന്ന് സുർജിത് പൊലീസിനോട് സമ്മതിച്ചു. ഒരു ഫ്രൈ പാനുമായി ശർമിഷ്ട ഹാസി സോമിന്റെ ഫ്ലാറ്റിലേക്ക് പോകുന്നതും അടുക്കളയിൽ വെച്ച് അവരെ അതുകൊണ്ട് അടിക്കുന്നതുമായ ദൃശ്യങ്ങളിൽ സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. അടിയേറ്റ വൃദ്ധ മാതാവ് ഉറക്കെ കരയുന്നുമുണ്ട്. മൃതദേഹത്തിൽ 14 പരിക്കുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ശർമിഷ്ടയെ കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്യാൻ പൊലീസിന് അധികസമയം വേണ്ടിവന്നില്ല.

2014 മുതൽ നെബ് സറായിലെ സ്വാസ്ഥിക് റെസിഡൻസിയിലാണ് സുർജിത് സോമും (51), ഭാര്യ ശർമിഷ്ടയും (48), അവരുടെ 16 വയസുള്ള മകളും താമസിച്ചിരുന്നത്. കൊൽക്കത്തയിൽ നിന്നുള്ളവരായിരുന്നു ഇവർ. 2022 മാർച്ച് വരെ അമ്മ ഒറ്റക്കാണ് പശ്ചിമ ബംഗാളിൽ താമസിച്ചത്. പിന്നീട് സുർജിത് ഡൽഹിയിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. പിന്നീട് അമ്മക്കായി ഒരു ഫ്ലാറ്റും തന്റെ ഫ്ലാറ്റിന് എതിർവശത്ത് വാടകക്ക് എടുത്തുകൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe