നാദാപുരം: അൽഫാമും അമൂസും കഴിച്ചതിനെ തുടർന്ന് വയറിളക്കവും ഛർദിയും. സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു. കല്ലാച്ചി ഓത്തിയിൽ പീടികയിലെ സ്പൈസി വില്ലേജ് റസ്റ്റാറന്റ് ആണ് ആരോഗ്യ വിഭാഗം അടച്ചുപൂട്ടാൻ നിർദേശം നൽകിയത്. അൽഫാമും അമൂസും കഴിക്കുകയും പിറ്റേദിവസം വയറിളക്കവും ഛർദിയും അനുഭവപ്പെടുകയും ചെയ്ത രണ്ടു പേർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയതോടെയാണ് ആരോഗ്യ വകുപ്പ് നടപടിയെടുത്തത്.
വെള്ളിയാഴ്ച സ്ഥാപനത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ ഹോട്ടലിൽ ഉപയോഗിക്കുന്ന കുടിവെള്ളം ഗുണനിലവാര പരിശോധന നടത്താതെ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവിടെ പണിയെടുക്കുന്ന ഇതര സംസ്ഥാനക്കാരായ ഇരുപതോളം ജോലിക്കാർക്ക് ആവശ്യമായ ഹെൽത്ത് കാർഡ് ഉണ്ടായിരുന്നില്ല. പരിശോധനക്ക് നാദാപുരം താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ കെ. പ്രസാദ് എന്നിവർ നേതൃത്വം നൽകി.