തൃശൂർ: മാനത്ത് വർണ വിസ്മയമൊരുക്കി തൃശൂർ പൂരം വെടിക്കെട്ട്. തിരുവമ്പാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂർത്തിയാക്കി. ഒരു മണിക്കൂറിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വർണ്ണവിസ്മയം. തിരുവമ്പാടി വിഭാഗമായിരുന്നു ആദ്യം വെടികെട്ടിന് തിരികൊളുത്തിയത്. വടക്കേനടയിൽ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കോളൂത്തി. വർണ്ണവിസ്മയത്തിനൊപ്പം ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയും ഉയർന്നു. ഒടുവിൽ ആകാശച്ചുവരിൽ നിലഅമിട്ടുകളുടെയും കുഴി മിന്നലിന്റെുയും വർണ്ണപ്പൂരം.
പെസോയുടെയും പൊലീസിന്റെയും കർശന നിയന്ത്രണത്തിലാണ് വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്. മുൻവർഷങ്ങളെ പോലെ ഇപ്രാവശ്യവും ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. കനത്ത പോലീസ് നിയന്ത്രണം വെടിക്കെട്ട് കാണാൻ എത്തിയ ആൾക്കൂട്ടത്തെ നിരാശരാക്കി.