ആടുമേയ്ക്കാന്‍ വിസ്സമ്മതിച്ചു, കുവൈത്തില്‍ ഇന്ത്യക്കാരനെ തൊഴിലുടമ വെടിവെച്ച് കൊന്നു

news image
Sep 14, 2022, 1:18 pm GMT+0000 payyolionline.in

കുവൈറ്റ് സിറ്റി:  തൊഴിൽ തട്ടിപ്പിനിരയായ തമിഴ്നാട് സ്വദേശിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ  കുവൈത്തിൽ വെടിവച്ച് കൊന്നു. ആടുമേയ്ക്കാൻ വിസമ്മതിച്ചതിന് തൊഴിലുടമയാണ് ക്രൂരമായി മർദ്ദിച്ച ശേഷം കൊലപ്പെടുത്തിയത്. തമിഴ്നാട് തിരുവാവൂര്‍ സ്വദേശി മുത്തുകുമാരനാണ് കൊല്ലപ്പെട്ടത്. സ്ഥാപനത്തിൽ ക്യാഷ്യറായി ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് യുവാവിനെ കുവൈത്തിലെത്തിച്ചത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മുത്തുകുമാരൻ കുവൈത്തിലേക്ക് പോയത്. കൊവിഡ് കാലം വരെ ഒരു മെഡിക്കൽ സ്റ്റോറിലായിരുന്നു ജോലി. അത് നഷ്ടപ്പെട്ടപ്പോൾ പച്ചക്കറി കട തുടങ്ങി. അതും ലാഭമില്ലാതായതോടെയാണ് വിദേശത്ത് ജോലിക്കായി ശ്രമിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ മാൻപവർ എന്ന സ്ഥാപനമാണ് റിക്രൂട്ട് ചെയ്തത്. ഒരു സ്ഥാപനത്തിൽ ക്യാഷ്യറായുള്ള ജോലിയെന്നായിരുന്നു വാഗ്ദാനം. എന്നാൽ അവിടെയെത്തിയപ്പോഴാണ് ചതി മനസിലായത്. ആടുമേയ്ക്കലായിരുന്നു ജോലി.

ഒരു ലോറി നിറയെ ആടുകളോടൊപ്പം കയറ്റി മരുഭൂമിയിലേക്കയച്ചു. ഇതേ തുടർന്ന് തൊഴിലുടമയുമായി തർക്കമുണ്ടായെന്നാണ് വിവരം. എംബസിയെ ബന്ധപ്പെടാൻ ശ്രമിച്ചത്  തൊഴിലുടമയെ പ്രകോപിപ്പിച്ചു. തോക്ക് കൊണ്ട് ആദ്യം മർദ്ദിക്കുകയും പിന്നീട് വെടിവയ്ക്കുകയും ചെയ്തു. ഏഴാം തിയ്യതി മുതൽ ബന്ധുക്കൾക്ക് വിവരമൊന്നുമില്ലാതായി. അൽ അഹ്മ്മദിലെ ഒരു തൊഴുത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവാവൂരിൽ നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണെന്നാണ് തമിഴ്നാട് സർക്കാർ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe