ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ മറന്നോ? വെബ്സൈറ്റിലും ആപ്പിലും പരിശോധിക്കാം

news image
May 3, 2023, 2:47 am GMT+0000 payyolionline.in

ന്യൂഡൽഹി: ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും പരിശോധിക്കാനുള്ള സൗകര്യം വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഏർപ്പെടുത്തി ‘യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ’ (യു.ഐ.ഡി.എ.ഐ). ചിലർക്ക് അവരുടെ ഏത് മൊബൈൽ നമ്പറുമായാണ് ആധാർ ബന്ധിപ്പിച്ചതെന്ന കാര്യത്തിൽ അവ്യക്തതയുണ്ടാകുന്ന നിരവധി സന്ദർഭങ്ങളുണ്ടാകുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. myaadhaar.uidai.gov.in ​പോർട്ടൽ വഴിയോ maadhaar ആപ്പുവഴിയോ ആണ് പരിശോധിക്കേണ്ടത്.

 

ആധാറിൽ രേഖകൾ അപ്​ഡേറ്റ്​​ ചെയ്യാം

തിരുവനന്തപുരം: പത്തുവർഷമായി ആധാറിൽ ഒരു പുതുക്കലും വരുത്താത്തവർക്ക്​ ആധാറിൽ തിരിച്ചറിയൽ രേഖകളടക്കം അപ്​ഡേറ്റ്​​ ചെയ്യാൻ അവസരം. തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകളുമടക്കം ജൂലൈ 14 വരെ സൗജന്യമായി അപ്​ലോഡ്​ ചെയ്യാമെന്ന്​ ഐ.ടി മിഷൻ അറിയിച്ചു. https://myaadhaar.uidai.gov.in എന്ന വെബ്​​സൈറ്റ്​ വഴിയാണ്​ നടപടികൾ.

വെബ്​സൈറ്റിൽ പ്രവേശിച്ച്​ ആധാർ നമ്പർ ഉപയോഗിച്ച്​ ലോഗിൻ ചെയ്ത്​ ഡോക്യുമെന്‍റ്​ അപ്ഡേറ്റ്​ എന്ന ഓപ്​ഷനിൽ പ്രവേശിക്കണം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ, ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ചെയ്യാം.

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകൽ അനിവാര്യമാണ്. അക്ഷയ സെന്ററുകൾ, മറ്റ്​ ആധാർ സെന്ററുകൾ വഴി മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ ആധാറിൽ ഉൾപ്പെടുത്താനാകും. നിലവിലെ ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ, ഇ-മെയിൽ വിവരങ്ങൾ മാറ്റം വരുത്തുന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാം.

നവജാത ശിശുക്കൾക്കും ആധാർ എൻറോളിങ്​

നവജാത ശിശുക്കൾക്ക് വരെ ആധാറിന് എൻറോൾ ചെയ്യാം. അഞ്ച് വയസ്സുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻറ് സമയത്ത് അവരുടെ ബയോമെട്രിക്സ് ശേഖരിക്കുന്നില്ല. എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇതിന്​ പുറമേ കുട്ടികളുടെ അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്​ വിവരങ്ങൾ പുതുക്കണം. അഞ്ചാം വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴുവയസ്സിനുള്ളിലും പതിനഞ്ച് വയസ്സിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ 17 വയസ്സിനുള്ളിലും സൗജന്യമായി നടത്താം. അല്ലാത്തപക്ഷം, 100 രൂപ നൽകി പുതുക്കേണ്ടിവരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe