കൊച്ചി: ആന്ധ്രയിൽ വൈദ്യുതിക്ഷാമം, വിലക്കയറ്റം കേരളത്തിൽ. വിലക്കയറ്റത്തിൽ വലയുന്ന കേരളത്തിനു വലിയ തിരിച്ചടിയായിരിക്കുകയാണു അരിയുടെ വിലവർധന. ആന്ധ്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നു വരുന്ന ജയ, സുരേഖ അരിയാണു മുഖ്യമായും കേരള മാർക്കറ്റുകളിൽ എത്തുന്നത്. ഇതിൽത്തന്നെ ഏറ്റവും കൂടുതൽ അരി എത്തുന്നത് ആന്ധ്രയിൽ നിന്ന്.ആന്ധ്രയിൽ നെല്ലിന്റെ സ്റ്റോക് തീർന്നതും വൈദ്യുതി ക്ഷാമവുമാണ് ഇപ്പോൾ വില ഉയരാൻ കാരണം.
പുതിയ വിള നെല്ല് മാർക്കറ്റിലേക്കു വരുന്നതേയുള്ളു. സർക്കാർ ലെവി നെല്ലു പിടിക്കുന്നതും മാർക്കറ്റിൽ സ്റ്റോക് കുറയാൻ കാരണമായി. ജയ അരിക് മൊത്ത വിലക്കടകളിൽ കിലോഗ്രാമിനു 33–34 ആയിരുന്നത് 38.50 രൂപവരെയായി. സുരേഖയ്ക്ക് 38 രൂപയായിരുന്നത് 39.50 രൂപയിലെത്തി. പുതിയ നെല്ല് മാർക്കറ്റിൽ എത്തിത്തുടങ്ങിയതിനാൽ ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ജയ അരിയുടെ വില അൽപം കുറയാനിടയുണ്ട്. എന്നാൽ സുരേഖ കൃഷി കുറവായതിനാൽ വില കുറയാൻ സാധ്യതയില്ല.
കർണാടകയിൽ നിന്നു വരുന്ന മട്ട അരിക്ക് 45–46 രൂപയായിരുന്നു മൊത്തവില. ഇത് ഒരു രൂപ കുറഞ്ഞു. കർണാടകയിൽ നെല്ലു വില കുറഞ്ഞതാണു കാരണം. തമിഴ്നാട്ടിൽ നിന്നുള്ള പച്ചരിക്കും പഞ്ചാബ് , ഹിമാചൽപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ബിരിയാണി അരിക്കും വിലക്കയറ്റമുണ്ട്. ഒരു മാസത്തിനിടയിൽ കിലോഗ്രാമിന് 10 രൂപ വരെ വർധിച്ചു.ആന്ധ്രയിൽ രൂക്ഷമായ പവർകട്ടിൽ വലയുകയാണു അരിമില്ലുകൾ. ആഴ്ചയിൽ 3 ദിവസം 5 മണിക്കൂർ വീതമാണു ഇവിടെ വ്യവസായങ്ങൾക്കു വൈദ്യുതി ലഭിക്കുന്നത്. മില്ലുകളുടെ പ്രവർത്തനം പൂർണതോതിൽ നടത്താനാവുന്നില്ല.