വടകര: ആയഞ്ചേരി കേന്ദ്രമാക്കി പുതിയ പോലീസ് സ്റ്റേഷൻ സ്ഥാപിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വിസ്‌തൃതി കൂടിയ വടകര സ്റ്റേഷന്റെ ഭാഗമാണ് ആയഞ്ചേരി പ്രദേശം. വടകര സ്റ്റേഷനിൽ നിന്ന് ആയഞ്ചേരിയിൽ എത്തിപ്പെടാൻ മണിക്കൂറുകളെടുക്കും. ആയഞ്ചേരിയിൽ സ്റ്റേഷൻ വന്നാൽ അധിക ഭാരത്താൽ ബുദ്ധിമുട്ടുന്ന വടകര സ്റ്റേഷനിലെ ജീവനക്കാർക്ക് ആശ്വാസമാണ്. വർഷങ്ങളായി നിലനിൽക്കുന്ന ആവശ്യം ഫയലിൽ ഉറങ്ങുന്ന അവസ്ഥയിലാണെന്ന് യോഗത്തിൽ സമിതിയംഗം പ്രദീപ് ചോമ്പാല പ്രശ്നം ഉന്നയിക്കവേ പറഞ്ഞു.
കുഞ്ഞിപ്പള്ളി ടൗണിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ച കെട്ടിടങ്ങളുടെ കോൺക്രീറ്റ് മാലിന്യങ്ങൾ നീക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇതുമൂലം വ്യാപാരികൾ ദുരിതം അനുഭവിക്കുന്നതായി സംയുക്ത വ്യാപാരി സംഘടന സെക്രട്ടറി കെ എ സുരേന്ദ്രൻ യോഗത്തിൽ പറഞ്ഞു. ഈ പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കുമെന്ന് കെ കെ രമ എംഎൽഎ യോഗത്തിൽ ഉറപ്പ് നൽകി. അതിഥി തൊഴിലാളികളെ യാതൊരു മാനദണ്ഡവുമില്ലാതെ താമസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി പി ശ്രീജിത്ത്, സമിതി അംഗം ബാബു ഒഞ്ചിയം എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ എല്ലാ വകുപ്പിന്റെയും സഹകരണത്തോടെ യോഗം വിളിക്കുവാനും തീരുമാനമായി.
ലിങ്ക് റോഡിൽ നിലനിൽക്കുന്ന ഗതാഗത കുരുക്ക് ദുരിതമായി മാറിയെന്ന് സമിതി അംഗം പി പി രാജൻ യോഗത്തിൽ പറഞ്ഞു. കെ കെ രമ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ.പുറന്തോടത്ത് സുകുമാരൻ, ബാബു ഒഞ്ചിയം, പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത്, ടി വി ബാലകൃഷ്ണൻ, പി എം മുസ്തഫ, പി പി രാജൻ വി പി അബ്ദുള്ള, എൻ കെ സജിത്ത്, സി കെ കരീം ഡെപ്യൂട്ടി തഹസിൽദാർ വി കെ സുധീർ കുമാർ എന്നിവർ സംസാരിച്ചു.