ദില്ലി: താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാർത്തകൾക്ക് എതിരെ കുടുംബം ഹൈക്കോടതിയിൽ പോയത് വലിയ വാര്‍ത്തയായിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാർത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കേസില്‍ ഇപ്പോള്‍ സുപ്രധാനമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ദില്ലി ഹൈക്കോടതി.
ആരാധ്യയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ഒരു യൂട്യൂബ് ചാനലിനെതിരെയാണ് കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ തന്നെക്കുറിച്ച് ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചൻ കുടുംബത്തിന്റെ പ്രശസ്തിയിൽ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ആരാധ്യയുടെ ആരോഗ്യത്തെക്കുറിച്ച് വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ച ഒമ്പത് യൂട്യൂബ് ചാനലുകളിൽ നിന്നും മറ്റ് വെബ്‌സൈറ്റുകളിൽ നിന്നുമുള്ള വീഡിയോകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് കേസ് പരിഗണിച്ച ജസ്റ്റിസ് സി ഹരി ശങ്കര്‍ ഉത്തരവിട്ടു. ഗൂഗിളിന്‍റെ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്ത വീഡിയോകളില്‍ നിന്നും ലാഭം നേടുന്നതിനാൽ ഈ വീഡിയോകള്‍ അപ്ലോഡ് ചെയ്ത ഉത്തരവാദിത്വത്തില്‍ നിന്നും ഗൂഗിളിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്.
യൂട്യൂബ് ചാനലുകൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകളും, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സമാനമായ ഉള്ളടക്കമുള്ള മറ്റ് വീഡിയോകളും ക്ലിപ്പുകളും തടയാന്‍ ഇലക്ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു.
“ഒരു സെലിബ്രിറ്റിയുടെയോ സാധാരണക്കാരന്റെയോ കുട്ടിയാണെങ്കിലും, ഓരോ കുട്ടിക്കും ബഹുമാനം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കുട്ടിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തിൽ അനുവദനീയമല്ല, ഒരു കുട്ടിക്കെതിരായ അത്തരം പെരുമാറ്റം അസഹനീയമാണ്” – കോടതി പറഞ്ഞു.