ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ: മുഖ്യമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു

news image
May 11, 2023, 6:33 am GMT+0000 payyolionline.in

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ആണ് യോഗം ചേരുന്നത്.

ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാർ, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവരുടെ അടിയന്തിര യോഗമാണ് ചേരുന്നത്. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ്  കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഉന്നതതല യോഗം ചേരുന്നത്.

അതേസമയം, വന്ദനയുടെ കൊലപാതകത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധം നടക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. അതിനിടെ, സംഭവത്തില്‍ രൂക്ഷ വിമര്‍ശനം തുടരുകയായിരുന്നു ഹൈക്കോടതി. ഡോക്ടർമാർ ഇന്നും സമരത്തിലല്ലേ എന്ന് കോടതി ചോദിച്ചു, എത്രയോ ആളുകളാണ് ചികിത്സക്കായി കാത്തുനിൽക്കുന്നത്, ഈ സമയത്ത് എന്തെങ്കിലും സംഭവിച്ചാൽ എന്ത് ചെയ്യും, ഇപ്പോഴത്തേത്  സമരമല്ലെന്നും ഡോക്ടർമാരുടെ ഭയം കൊണ്ടാണെന്നും കോടതി പറഞ്ഞു. ഡോക്ടർമാരുടെ സമരം ഒന്നും നേടിയെടുക്കാനല്ല. ഭയത്തിൽ നിന്നാണ് സമരം നടത്തുന്നത്. എങ്ങനെയാണ് ഇവിടെ പേടിച്ച് ജീവിക്കുക. വിഷയം ആളിക്കത്താതിരിക്കാൻ സർക്കാർ ശ്രമിക്കണം.

 

സംഭവം സംബന്ധിച്ച് എഡിജിപി റിപോർട്ട് സമർപിച്ചു. ഇതാണ് സ്ഥിതിയെങ്കിൽ പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലം വിദൂരമല്ലെന്ന് കോടതി പരാമര്‍ശിച്ചു. അലസമായി വിഷയത്തെ സർക്കാർ കാണരുത്. ഇപ്പോഴത്തേത് സിസ്റ്റമിക് ഫെയിലിയറാണ്. പൊലീസിനെയല്ല കുറ്റം പറയുന്നത്. സംവിധാനത്തിന്‍റെ പരാജയമാണ്. ഇങ്ങനെയൊന്ന് കേട്ടിട്ടില്ലെന്ന് കോടതി പറഞ്ഞു. പ്രതിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നെന്ന് പൊലീസ് തന്നെ പറയുന്നു. അങ്ങനെയെങ്കിൽ എന്തിനാണ് പൊലീസുകാരുടെ കാവലില്ലാതെ ഡോക്ടറുടെ മുന്നിലേക്ക് സന്ദീപീനെ എത്തിച്ചതെന്ന് കോടതി ചോദിച്ചു. സംവിധാനത്തിന്‍റെ പരാജയമാണിതെന്നും കോടതി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe