ആര്യാടന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടം: ഉമ്മന്‍ ചാണ്ടി

news image
Sep 25, 2022, 3:53 am GMT+0000 payyolionline.in

കോട്ടയം: മുന്‍ മന്ത്രി ആര്യാടന്‍‌ മുഹമ്മദിന്‍റെ വിയോഗം കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍. മികച്ച ഭരണാധികാരി, രാഷ്ട്രീയ തന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തിയെന്നും ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു.

2004ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു.  ശക്തമായ നിലപാടുകൾ കൊണ്ട് സ്വയം അടയാളപ്പെടുത്തിയ നേതാവാണ് ആര്യാടനെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു.

ഇന്ന് രാവിലെയാണ്  ആര്യാടൻ മുഹമ്മദ് അന്തരിച്ചത്. 87 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോൺഗ്രസിലെ മുതിര്‍ന്ന നേതാവായിരുന്ന ആര്യാടന്‍ മുഹമ്മദ് കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. . മലപ്പുറം നിലമ്പൂരില്‍ ആര്യാടൻ ഉണ്ണീന്‍റെയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ആര്യാടന്‍ മുഹമ്മദിന്‍റെ ജനനം.

പി വി മറിയുമ്മയാണ് ഭാര്യ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ. റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ. ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, മസ്കറ്റ്), മുംതാസ് ബീഗം, ഡോ. ഉമ്മർ (കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, ന്യൂറോളജിസ്റ്റ്), സിമി ജലാൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe